അമരാവതി :ലേപാക്ഷി നോളജ് ഹബ്ബിന്‍റെ വസ്‌തുക്കളിൽ നടത്തിയ പാപ്പരത്വ നടപടികളിലൂടെ ആയിരക്കണക്കിന് കോടിയുടെ ഭൂമി അനധികൃതമായി സ്വന്തമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ ബന്ധുക്കൾ. പാപ്പരത്വ നടപടികൾ നേരിടുന്ന ഇന്ദു പ്രൊജക്‌ടുകൾ വിവിധ ബാങ്കുകളിൽ പണയംവച്ചിട്ടുള്ള, ലേപാക്ഷി നോളജ് ഹബ്ബിന്‍റെ ഭൂമികളാണ് തുച്ഛമായ വിലയ്‌ക്ക് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കമ്പനികൾ സ്വന്തമാക്കുന്നത്.
2500 കോടി രൂപ വിലമതിക്കുന്ന ഭൂമി വെറും 500 കോടി രൂപ നൽകിയാണ് മുഖ്യമന്ത്രിയുടെ കുടുംബ കമ്പനി എന്നുതന്നെ പറയാവുന്ന എർത്തിൻ പ്രൊജക്‌ട്‌സ് വാങ്ങുന്നത്. എർത്തിൻ ഡയറക്‌ടറായി ചേർന്ന നരേൻ രാമഞ്ജുള റെഡ്ഡിയുടെ പിതാവ് രവീന്ദ്രനാഥ് റെഡ്ഡി മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ അമ്മാവനാണ്. ഈ ബന്ധമാണ് കുറഞ്ഞ വിലയ്ക്ക് ലേപാക്ഷി ഭൂമി ഏറ്റെടുക്കാൻ എർത്തിൻ കമ്പനിയെ സഹായിച്ചത്.
അഴിമതിയിൽ മുങ്ങി ലേപാക്ഷി നോളജ് ഹബ്ബ് : വൈഎസ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ലേപാക്ഷി നോളജ് ഹബ്ബിന്‍റെ പേരിൽ അനന്തപൂർ ജില്ലയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കൾക്ക് പതിച്ചുനൽകിയിരുന്നു. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡിയുടെ പ്രേരണയിലാണ് ഇതെല്ലാം ചെയ്‌തതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ നിഗമനം.
ഈ പ്രക്രിയയിൽ പ്രധാന പങ്കുവഹിച്ച കമ്പനിയായിരുന്നു ശ്യാംപ്രസാദ് റെഡ്ഡിയുടെ ഇന്ദു പ്രൊജക്‌ട്‌സ്. എന്നാൽ കടക്കെണിയിലായ ഇന്ദു പ്രൊജക്‌ട്‌സ് കുറച്ചുകാലം മുമ്പ് പാപ്പരായി. 2019 മാർച്ചിലെ കണക്കനുസരിച്ച് കമ്പനിക്ക് 4,531.44 കോടി രൂപയുടെ കടബാധ്യതയുണ്ട്. തുടർന്ന് ഹൈദരാബാദിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ- NCLT ഡിപ്പാർട്ട്‌മെന്‍റ് കമ്പനിയുടെ പാപ്പരത്ത പരിഹാര പ്രക്രിയ ഏറ്റെടുത്തു. ഈ ഒത്തുതീർപ്പിന്‍റെ ഭാഗമായി കടക്കാർ ക്ലെയിം ചെയ്‌ത 4,531.44 കോടി രൂപയിൽ 4,138.54 കോടി രൂപയുടെ കടങ്ങൾ പാപ്പരത്വ നടപടികളിലൂടെ അവസാനിപ്പിച്ചു.
വില 2500 കോടി, വാങ്ങുന്നത് 500 കോടിക്ക് : ഇതിനിടെയാണ് കെ രാമചന്ദ്ര റാവു ട്രാൻസ്മിഷൻ ആൻഡ് പ്രൊജക്ടുകൾക്കൊപ്പം 500 കോടി രൂപ നൽകാനുള്ള എർത്തിൻ പ്രൊജക്‌ടുകളുടെ നിർദ്ദേശം ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ചത്. കൂടാതെ ലോ ട്രിബ്യൂണലിന്‍റെ അനുമതിയും ലഭിച്ചു. ഇതോടെ ബാങ്കുകൾക്കും മറ്റ് വായ്‌പക്കാർക്കും 500 കോടി മാത്രം നൽകുന്ന എർത്തിൻ കണ്‍സോർഷ്യത്തിന് ഇന്ദു പ്രൊജക്‌ട്‌സിന്‍റെ എല്ലാ ഭൂമിയും ബാങ്കുകൾ ഈട് നൽകും.
പൊന്നിൻ വിലയുള്ള ഭൂമി : ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വഴിയിൽ ആന്ധ്രാപ്രദേശ് അതിർത്തിയിൽ നിന്ന് തുടങ്ങി 18 കിലോമീറ്റർ പരിധിക്കുള്ളിൽ റോഡിനിരുവശവും ലേപാക്ഷി ഭൂമിയുണ്ട്. അതിർത്തിയിൽ നിന്ന് കർണാടകയിലേക്ക് ഏകദേശം 65 കിലോമീറ്റർ അകലെ ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം ഇതേ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെത്തന്നെ ഈ ഭൂമികൾ എത്രത്തോളം വിലമതിക്കുന്നുണ്ടെന്ന് ഊഹിക്കാവുന്നതാണ്.