ജമ്മു: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവർ 'വൈകാരിക രാഷ്ട്രീയം' കളിക്കുന്നുവെന്ന് ജമ്മു കശ്മീർ ബിജെപി നേതാവ് രവീന്ദർ റെയ്‌ന. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370, 2019 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതായും ഇപ്പോൾ അത് ചരിത്രത്തിന്‍റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 കുറിച്ച് സംസാരിക്കുന്നവർ 'വൈകാരിക രാഷ്ട്രീയം' കളിക്കുന്നു: രവീന്ദർ റെയ്‌ന - J&K BJP chief
കശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി പാകിസ്ഥാനുമായി ചർച്ച നടത്തണമെന്ന മെഹബൂബ മുഫ്‌തിയുടെ ആവശ്യത്തിനെതിരെയും രവീന്ദർ റെയ്‌ന രംഗത്തെത്തി
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി അസാധുവാക്കിയ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിയമം ഇല്ലാതാക്കാതെ മേഖലയിലെ സമാധാനം പുനസ്ഥാപിക്കാനാവില്ലെന്ന് പിഡിപി മേധാവിയും പിഎജിഡി വൈസ് ചെയർപേഴ്‌സനുമായ മെഹ്ബൂബ മുഫ്തി പറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ ആർക്കും കഴിയില്ലെന്നും അത് തിരികെ കൊണ്ടുവരുമെന്ന് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾ വൈകാരിക രാഷ്ട്രീയം കളിക്കുകയാണെന്നും രവീന്ദർ റെയ്‌ന പറഞ്ഞു. കശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി പാകിസ്ഥാനുമായി ചർച്ച നടത്തണമെന്ന മെഹബൂബ മുഫ്‌തിയുടെ ആവശ്യത്തിനെതിരെയും രവീന്ദർ റെയ്‌ന രംഗത്തെത്തി.
ഇന്ത്യ എല്ലായ്‌പ്പോഴും അയൽ രാജ്യങ്ങളുമായി സൗഹൃദബന്ധം പുലർത്തുന്നുണ്ട്, അത് രാജ്യത്തിന്‍റെ ബലഹീനതയായി ആരും കണക്കാക്കരുതെന്നും ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ പാക്കിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ലെന്നും റെയ്‌ന പറഞ്ഞു.