കനത്ത മഴ ; പാതിവഴിയിൽ കുടുങ്ങി തിരുച്ചെന്തൂർ എക്‌സ്പ്രസ് ; 800 ഓളം യാത്രക്കാർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു തൂത്തുക്കുടി: തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ശ്രീവൈകുണ്‌ഠം റെയില്‍വേസ്റ്റേഷനില്‍ കുടുങ്ങിയ തിരുച്ചെന്തൂർ എക്‌സ്‌പ്രസിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം തുടരുന്നു. ട്രെയിലുണ്ടായിരുന്നത് എണ്ണൂറോളം യാത്രക്കാർ. നൂറോളം പേരെ രക്ഷപെടുത്തി സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി.
ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ ആർമി, എയർഫോഴ്‌സ്, റെയിൽവേ, പ്രാദേശിക ഏജൻസികൾ എന്നിവയുടെ പിന്തുണയോടെയാണ് ദുരിതബാധിതരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. തിങ്കളാഴ്‌ച ( ഡിസംബർ 18) പുലർച്ചെയോടെയാണ് കനത്ത മഴയില്‍ റെയില്‍ പാളത്തില്‍ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ ശ്രീവൈകുണ്‌ഠം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്.
തെക്കൻ തമിഴ്‌നാടിന്‍റെ മിക്ക ഭാഗങ്ങളിലും ദിവസങ്ങളായി നിർത്താതെ പെയ്യുന്ന ശക്തമായ മഴ കുറഞ്ഞെങ്കിലും, കനത്ത വെള്ളപ്പൊക്കവും റോഡ് ഗതാഗതത്തിൽ അനുഭവപ്പെടുന്ന തടസ്സങ്ങളും നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ സാധാരണ നിലയിലെ രക്ഷാപ്രവർത്തനത്തിന് തടസ്സങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രെയിനില്‍ നിന്ന് സൈന്യം വിജയകരമായി രക്ഷപ്പെടുത്തിയവരിൽ 54 സ്ത്രീകളും ഒരു ഗർഭിണിയും 19 കുട്ടികളും ഉൾപ്പെടെ നൂറിലധികം ആളുകളുണ്ടന്നാണ് ഡിഫൻസ് പി ആർ ഒ അറിയിച്ചത്.
ഡൽഹിയിലുള്ള മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വെർച്വൽ മീറ്റിംഗ് വഴി തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിലെ മന്ത്രിമാരുമായും ജില്ല കളക്‌ടർമാരുമായും ചർച്ച നടത്തി. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളില്‍ രക്ഷ പ്രവർത്തനം ഊർജിതമാക്കാനും മുഖ്യമന്ത്രി നിർദേശം നല്‍കി. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് വാട്ടർ പമ്പുകളും 200 ഓളം ബോട്ടുകളും വിന്യസിച്ചിട്ടുണ്ടെന്നാണ് ജില്ല ഭരണകൂടം പറയുന്നത്.