ജയ്‌പൂർ (രാജസ്ഥാന്‍): 11 വർഷം മുമ്പ് സിഐയെ വാഹനം ഉള്‍പ്പെടെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 30 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് സവായ് മധോപൂർ കോടതി. സിഐ ഫൂല്‍ മുഹമ്മദ് ആണ് ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഔദ്യോഗിക വാഹനത്തില്‍ വെന്തു മരിച്ചത്. കുറ്റക്കാരില്‍ അന്നത്തെ ഡിഎസ്‌പി മഹേന്ദ്ര സിങ് കൽബെലിയ, മാൻടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർ സുമർ സിങ്, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ആൾക്കൂട്ട ആക്രമണത്തിനിടെ പൊലീസുകാരനെ സംരക്ഷിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് പൊലീസ് ഉദ്യോഗസ്ഥരെ കോടതി കുറ്റക്കാരാക്കിയത്. കേസില്‍ 89 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. അഞ്ച് പേര്‍ വിചാരണ കാലയളവില്‍ മരിച്ചു. രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും മൂന്ന് പേര്‍ ഒളിവിലുമാണ്. 49 പേരെ കോടതി കുറ്റ വിമുക്തരാക്കി. സിബിഐ അന്വേഷിച്ച കേസിലാണ് കോടതി വിധി.
കേസിന് ആസ്‌പദമായ സംഭവം: 2011 മാര്‍ച്ച് 17നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. ദാതാ ദേവി എന്ന 65 കാരിയുടെ മരണമാണ് സിഐ ഫൂല്‍ മുഹമ്മദിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം. 2011 ഫെബ്രുവരി ഒമ്പതിന് ദാതാ ദേവിയുടെ കാലിലെ വെള്ളി കൊലുസ് മോഷ്‌ടിക്കുന്നതിനായി അവരുടെ കാലുകള്‍ മോഷ്‌ടാവ് അറുത്തുമാറ്റിയിരുന്നു.
ഇതേതുടര്‍ന്ന് രക്തം വാര്‍ന്ന് ദാതാ ദേവി മരിച്ചു. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വയോധികയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ സംഘടിച്ചിരുന്നു. മാര്‍ച്ച് 17ന് ദാതാ ദേവിയുടെ കൊലപാതകികളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ പിടിക്കണമെന്നും ഇല്ലെങ്കില്‍ ഗ്രാമത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടുമെന്നും ഭീഷണി മുഴക്കിക്കൊണ്ട് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളായ സംഭവത്തില്‍ രാജേഷ് മീണ, ബൻവാരി ലാൽ മീണ എന്നിവര്‍ രംഗത്ത് വന്നു.
എന്നാല്‍ കൊലപാതകികളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് രാജേഷ് മീണ വാട്ടര്‍ ടാങ്കില്‍ നിന്ന് ചാടി ആത്‌മഹത്യ ചെയ്‌തു. രാജേഷിന്‍റെ മരണത്തോടെ പ്രശ്‌നം കൂടുതല്‍ വഷളായി. വാട്ടര്‍ ടാങ്കിന് സമീപത്ത് ആയിരക്കണക്കിന് ജനങ്ങള്‍ തടിച്ച് കൂടി. തടിച്ചു കൂടിയ ജനങ്ങള്‍ പ്രദേശത്ത് വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു.
നഗരത്തിലെ പ്രധാന പാതയായ ജയ്‌പൂർ-സവായ് മധോപൂർ ഹൈവേ ഉപരോധിക്കുകയും നഗരത്തിലെ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തകർക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നിരോധനാഞ്ജ (സെക്ഷന്‍ 144 ) പ്രഖ്യാപിച്ചു. എങ്കിലും ജനങ്ങള്‍ സംഘടിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടതോടെ പ്രദേശത്ത് വിന്യസിച്ചിരുന്ന രണ്ട് ഡസനോളം പൊലീസുകാര്‍ ഓടി രക്ഷപ്പെട്ടു. പ്രകടനവുമായെത്തിയ പ്രതിഷേധക്കാര്‍ സിഐ ഫൂല്‍ മുഹമ്മദിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലെറിയുകയും വാഹനം ഉള്‍പ്പെടെ സിഐയെ തീ കൊളുത്തുകയുമായിരുന്നു. ആക്രമണത്തില്‍ 16 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.