ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ ഇറങ്ങിയത്. 25 മലയാളികളടക്കം 240 പേരാണുള്ളത്.
റൊമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് 250 ഇന്ത്യൻ പൗരന്മാരുമായി എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് മൂന്നാമത്തെ വിമാനം എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 198 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുള്ളത്.
Also read: 'അധിനിവേശം അവസാനിപ്പിക്കൂ' ; യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം കനക്കുന്നു, തെരുവിലിറങ്ങി ആയിരങ്ങള്‍
യുക്രൈനിൽ കുടുങ്ങിയവരില്‍ 250 ഇന്ത്യൻ പൗരരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഡൽഹിയിലെത്തിയത്. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനത്തില്‍ 17 മലയാളികളാണുണ്ടായിരുന്നത്. സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികള്‍ അടക്കമുള്ള ആദ്യ സംഘം നേരത്തേ എത്തിയിരുന്നു. 27 മലയാളികള്‍ ഉള്‍പ്പെടുന്ന 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്.