സിർസില : കെഎസ്ആർടിസി ബസുകൾ (KSRTC Bus) മോഷണം പോകുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ടാകും. ഏറ്റവുമൊടുവില്‍ തെലങ്കാനയിലാണ് അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കേരളത്തിൽ രാത്രിയിൽ നിർത്തിയിട്ട ബസുകളാണ് മോഷണം പോയിരുന്നതെങ്കിൽ തെലങ്കാനയിൽ നിറയെ യാത്രക്കാരുള്ള ബസാണ് കള്ളൻ അടിച്ചുകൊണ്ടുപോയത്. ബസ് തിരികെക്കിട്ടിയെങ്കിലും അതിനിടെ കള്ളന് പറ്റിയ അബദ്ധമാണ് ആളുകളെ ചിരിപ്പിക്കുന്നത് (Thief Stole Telangana RTC Bus with Passengers).
സെപ്റ്റംബര്‍ 10 ഞായറാഴ്‌ച തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് (Siddipet) സംഭവം. സിര്‍സിലയിലെ ഗംഭിറാവുപേട് സ്വദേശിയായ ബന്ധെ രാജു എന്നയാളാണ് ബസ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ഡ്രൈവറുടെ വേഷത്തിലെത്തി മോഷണത്തിന് ശ്രമിച്ച ഇയാളെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു.
Also Read:കൊട്ടാരക്കരയിലെ കെ എസ് ആര്‍ ടി സി ബസ് മോഷണം; തെളിവെടുപ്പ് നടത്തി
സംഭവം ഇങ്ങനെ : ഞായറാഴ്ച രാത്രി സിർസിലയിൽ നിന്ന് നിറയെ യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു തെലങ്കാന ആർടിസി ബസ്. ബസ് സിദ്ധിപ്പേട്ട് സ്റ്റാൻഡിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി നിർത്തി. എന്നാല്‍ താക്കോൽ ബസിൽ വച്ചിട്ടാണ് ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാൻ പോയത്. അതേസമയം യാത്രക്കാര്‍ പലരും ബസില്‍ നിന്നിറങ്ങിയിരുന്നില്ല.
കിട്ടിയ അവസരം മുതലാക്കിയ ബന്ധെ രാജു താക്കോലുപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോവുകയായിരുന്നു. പുതിയ ഡ്രൈവറെപ്പറ്റി ചില യാത്രക്കാർ സംശയം പ്രകടിപ്പിച്ചെങ്കിലും പഴയ ഡ്രൈവര്‍ മാറിയെന്ന വിശദീകരണം നല്‍കി ഇയാള്‍ ബസുമായി യാത്ര തുടർന്നു. ഇതിനിടെ ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്തവരില്‍ നിന്ന് ഇയാള്‍ യാത്രാക്കൂലിയും വാങ്ങി. പണം വാങ്ങാന്‍ ബസില്‍ കണ്ടക്ടറില്ലാത്തത് ചൂണ്ടിക്കാണിച്ചപ്പോൾ വഴിയില്‍ നിന്ന് പുതിയ കണ്ടക്‌ടര്‍ കയറുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതിനിടെയാണ് ബന്ധെ രാജുവിന്‍റെ സകല പ്ലാനുകളും പൊളിച്ച് ബസിലെ ഇന്ധനം തീര്‍ന്നത്. ഇതോടെ ഇയാള്‍ ബസ് റോഡില്‍ സൈഡ് ചേര്‍ത്തുനിര്‍ത്തി ചാടിയിറങ്ങി. ബസ് നിന്നുപോയപ്പോഴാണ് ബസ് ഓടിക്കുന്നത് മോഷ്ടാവാണെന്ന് യാത്രക്കാർ തിരിച്ചറിഞ്ഞത്. ബസ് നിന്നപ്പോള്‍ അസ്വാഭാവികത തോന്നിയ യാത്രക്കാരിൽ ചിലര്‍ കള്ളനൊപ്പം ബസില്‍ നിന്ന് ചാടിയിറങ്ങി ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി പറയാതെ ഇന്ധനം വാങ്ങിവരാമെന്നുപറഞ്ഞ് ഇയാൾ കടന്നുകളയുകയായിരുന്നു.
Also Read:ഡിപ്പോയിൽ നിന്ന് റോഡ്‌വേസ് ബസ് മോഷണം പോയി: ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പൊലീസ്
ഇതിനിടെ തന്നെ യഥാര്‍ഥ ഡ്രൈവറും കണ്ടക്ടറും ബസ് കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത സിദ്ധിപ്പേട്ട് പൊലീസ് അന്വേഷണത്തിനൊടുവില്‍ കള്ളനെ കസ്റ്റഡിയിലെടുത്തു.