പട്‌ന : മോഷണക്കേസിലെ പ്രതിയെ പിടിക്കാൻ പോയ റെയിൽവേ പൊലീസ് സംഘത്തിന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് കള്ളന്‍റെ പ്രതിരോധം. ഉത്തർപ്രദേശിലെ കാൺപൂർ സെൻട്രൽ ജിആർപിയിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് കള്ളൻ ആക്രമണം അഴിച്ചുവിട്ടത്. ഒടുവിൽ നായയെ കീഴ്‌പ്പെടുത്തി പ്രതിയായ സഞ്ജയ് അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് എസ്ഐ അബ്ബാസ് ഹൈദർ പറയുന്നതിങ്ങനെ:രണ്ട് മാസം മുൻപ് ബിഹാറിലെ ഭോജ്‌പൂർ നിവാസിയായ മുകേഷ് കുമാർ പാണ്ഡെ എന്ന വ്യവസായിയുടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് കവർന്ന കേസിലെ പ്രതിയാണ് സഞ്ജയ് അഗർവാൾ. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മഗധ് എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വ്യവസായിയുടെ ആഭരണങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് ഇയാൾ കവർന്നത്.