ജബല്‍പൂര്‍ (മധ്യപ്രദേശ്): വ്യത്യസ്ഥ രീതിയിലുള്ള മോഷണ വീഡിയോകള്‍ കണ്ടിട്ടുണ്ടാകും. ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ശേഷം വിഗ്രഹത്തെ കൈകൂപ്പി തൊഴുന്ന മോഷ്‌ടാവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
മോഷണത്തിന്‍റെ സിസിടിവി ദൃശ്യം ഓഗസ്റ്റ് അഞ്ചിന് ജബല്‍പൂരിലെ പാഠന്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിലെ രണ്ട് വലിയ മണികളും മൂന്ന് ഭണ്ഡാരങ്ങളും പൂജ ഉപകരണങ്ങളുമാണ് മോഷ്‌ടാവ് കവര്‍ന്നത്. ക്ഷേത്രത്തിനകത്തെ സിസിടിവി ക്യാമറയില്‍ മോഷണ ദൃശ്യം പതിഞ്ഞിരുന്നു.
മോഷ്‌ടാവ് കുനിഞ്ഞ് അകത്ത് പ്രവേശിക്കുന്നതും ഭണ്ഡാരം മോഷ്‌ടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് ശേഷം തിരികെയെത്തുന്ന മോഷ്‌ടാവ് വിഗ്രഹത്തെ കൈകൂപ്പി പ്രാര്‍ഥിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ പ്രധാന ഗേറ്റിന്‍റെ ലോക്ക് തകര്‍ത്ത ശേഷമാണ് ഇയാള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.
ക്ഷേത്ര കമ്മറ്റി കവര്‍ച്ച സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മോഷണ സമയത്ത് മുഖം മറച്ചിരുന്നതിനാല്‍ മോഷ്‌ടാവിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Also read: മോഷണ ശ്രമം തടുത്ത് വളര്‍ത്തു പൂച്ച; ലോകശ്രദ്ധ നേടി ബാൻഡിറ്റ്