ബെംഗളൂരു : പൂട്ട് പൊളിച്ചും കുത്തിത്തുറന്നും മോഷണങ്ങൾ നടത്തുന്നത് ഒരു സ്ഥിരം സംഭവമാണ്. എന്നാൽ മോഷണത്തിന്‍റെ എല്ലാ അതിരുകളും കടന്നിരിക്കുകയാണ് കർണാടകയിലെ ഒരു കള്ളൻ. ജെസിബിയുമായി എത്തി കെട്ടിടം തകർത്ത് എടിഎം മോഷ്‌ടിക്കാനുള്ള യുവാവിന്‍റെ ശ്രമം പൊലീസ് തടയുകയായിരുന്നു. പൊലീസിനെ കണ്ടതോടെ എടിഎമ്മിന് സമീപം ജെസിബി ഉപേക്ഷിച്ച് മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു.
ശിവമോഗ വിനോബ നഗറിലെ ആക്‌സിസ് ബാങ്ക് എടിഎമ്മിൽ ചൊവ്വാഴ്‌ച രാത്രിയാണ് മോഷണ ശ്രമം നടന്നത്. എടിഎമ്മിന് അടുത്തുള്ള പെട്രോൾ പമ്പിൽ പാർക്ക് ചെയ്‌തിരുന്ന ജെസിബി മോഷ്‌ടിച്ചാണ് കള്ളൻ എംടിഎം മോഷ്‌ടിക്കാനെത്തിയത്. തുടർന്ന് ജെസിബി ഉപയോഗിച്ച് എടിഎം കെട്ടിടത്തിന്‍റെ മുൻവശത്തെ ചില്ല് തകർത്തു.
Also Read :Tomato Theft | തക്കാളിക്ക് പൊന്നുംവില ; ഹെൽമെറ്റ് ധരിച്ചെത്തി കവര്‍ന്നത് മൂന്ന് പെട്ടികള്‍, ദൃശ്യം പുറത്ത്
മെഷീൻ ഉയർത്താൻ കഴിയാഞ്ഞത് തിരിച്ചടിയായി :ശേഷം എടിഎം മെഷീൻ മുഴുവനായി കടത്തിക്കൊണ്ടു പോകാനായി ശ്രമിച്ചെങ്കിലും മെഷീൻ നിലത്ത് നിന്ന് ഉയർത്താന്‍ സാധിക്കാത്തതിനാൽ ശ്രമം വിഫലമാകുകയായിരുന്നു. ഇതിനിടെയാണ് പട്രോളിങ് നടത്തുകയായിരുന്ന വിനോബനഗർ പൊലീസ് സംഘം മോഷ്‌ടാവിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് തന്‍റെ അടുത്തേയ്‌ക്ക് വരുന്നതായി കണ്ട മോഷ്‌ടാവ് ഉടൻ തന്നെ ജെസിബി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസ് പിടികൂടിയ ജെസിബി വിനോബനഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എടിഎം സെന്‍ററിനുള്ളിൽ കയറാത്തതിനാൽ മോഷ്‌ടാവിന്‍റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Also Read :Robbery| ബാലരാമപുരത്ത് ജ്വല്ലറികള്‍ അടക്കം 5 കടകളില്‍ മോഷണം; നഷ്‌ടമായത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍
മോഷ്‌ടിക്കാൻ കയറിയ വീട്ടിൽ 500 രൂപ വച്ച് മടങ്ങി കള്ളൻ : കഴിഞ്ഞ ദിവസം ഡൽഹിയിൽ മോഷണത്തിന് കയറിയ വീട്ടിൽ നിന്നും വിലപിടിപ്പുള്ളതൊന്നും ലഭിക്കാത്തതിനാൽ മോഷ്‌ടാവ് 500 രൂപ വാതിലിൽ വച്ച് മടങ്ങിയിരുന്നു. ന്യൂഡൽഹിയിലെ രോഹിണി പ്രദേശത്തെ സെക്‌ടർ എട്ടിലെ റിട്ട. എഞ്ചിനീയർ എം രാംകൃഷ്‌ണയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ജൂലൈ 19ന് ഭാര്യയോടൊപ്പം രാംകൃഷ്‌ണ മകന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി രാംകൃഷ്‌ണയുടെ വീട്ടിൽ കള്ളന്‍ കയറി.
എന്നാൽ വീടിനുള്ളിൽ വില പിടിപ്പുള്ള യാതൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ മോഷ്‌ടാവ് ശ്രമം ഉപേക്ഷിക്കുകയും വാതിൽപ്പടിയിൽ 500 രൂപ വച്ച് തിരികെ മടങ്ങുകയുമായിരുന്നു. അതേസമയം വീടിന്‍റെ പൂട്ട് മാത്രമാണ് തകർത്തിട്ടുള്ളതെന്നും വാർഡ്രോബ് തകർക്കുകയോ മറ്റ് നാശനഷ്‌ടങ്ങൾ ഉണ്ടാക്കുകയോ ചെയ്‌തിട്ടില്ലെന്നും രാംകൃഷ്‌ണ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
also read :കക്കാന്‍ കയറിയ വീട്ടിൽ വിലപിടിപ്പുള്ള ഒന്നുമില്ല ; 500 രൂപ വച്ച് മടങ്ങി മോഷ്‌ടാവ്