ന്യൂഡല്‍ഹി :ദീപാവലി രാത്രിയിലെ പടക്കം പൊട്ടിക്കലുകളുടെ ഫലമായി ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ കനത്ത പുകമഞ്ഞ് (smog) രൂപം കൊണ്ടു. നഗരം മുഴുവന്‍ ഇത് മൂലം കടുത്ത മലിനീകരണത്തിന്‍റെ പിടിയിലായി. നേരത്തെ തന്നെ ഡല്‍ഹിയിലെ അന്തീരക്ഷ മലിനീകരണത്തോത് വളരെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു.
കനത്തപുകമഞ്ഞ് മൂടിയിരിക്കുന്ന നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പുകമഞ്ഞ് മൂലം പലയിടങ്ങളിലും കാഴ്‌ച പരിധിയും (view limit) വളരെക്കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറേ ആഴ്‌ചകളായി രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് വളരെ കൂടിയ സ്ഥിതിയിലാണ്.
മിക്കസ്ഥലങ്ങളും അതീവ ഗുരുതര പട്ടികയിലാണ്. ഇതിനിടെ ദീപാവലി ആഘോഷങ്ങള്‍ കൂടി ആയതോടെ നഗരത്തിലെ ജനങ്ങള്‍ മലിനീകരണം മൂലം ശ്വാസം മുട്ടുകയാണ്. നഗരത്തില്‍ പടക്കം പൊട്ടിക്കുന്നത് പൂര്‍ണമായി നിരോധിച്ച് കൊണ്ട് (crackers banned) അടുത്തിടെ എഎപി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മലിനീകരണത്തോത് വര്‍ധിച്ചതോടെ കൃത്രിമ മഴ (artficial rain) പെയ്യിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും നഗരത്തിന് ആശ്വാസമായി മിക്കയിടങ്ങളിലും മഴ പെയ്‌തു.
നിരോധനത്തിന്‍റെ പശ്ചാത്തലത്തിലും നഗരത്തില്‍ മിക്കയിടങ്ങളിലും കഴിഞ്ഞ രാത്രിയില്‍ വന്‍ തോതില്‍ പടക്കം പൊട്ടിച്ചതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലോധി റോഡ്, ആര്‍ കെ പുരം, കരോള്‍ ബാഗ്, പഞ്ചാബ് ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ ആകാശം മുട്ടെ പടക്കങ്ങള്‍ ഉയര്‍ന്ന് കത്തുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.
ഒക്ടോബര്‍ അവസാന ആഴ്‌ച മുതലാണ് നഗരത്തിലെ വായുമലിനീകരണത്തോത് ഉയരാന്‍ തുടങ്ങിയത്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന മലിനീകരണത്തോതിന്‍റെ ഇരുപത് ഇരട്ടി വരെ ആയിരുന്നു ഇത്. ഇതേ തുടര്‍ന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാരിന് കടക്കേണ്ടി വന്നു. ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കി.
ഡല്‍ഹി സര്‍ക്കാരിന്‍റെ 'ദീപം തെളിക്കൂ പടക്കം വേണ്ട' (diya jalao patak nahi) പ്രചാരണവും സുപ്രീം കോടതിയുടെ ഉത്തരവും ഉണ്ടായിട്ടും ഉയരുന്ന മലിനീകരണം ആഘോഷങ്ങള്‍ അവസാനിക്കുമ്പോഴേക്കും ഡല്‍ഹിയുടെ വെട്ടം കെടുത്തുമെന്ന് ഉറപ്പാണ്.
Also read:ലോകത്ത് ഏറ്റവുമധികം വായു മലിനീകരണമുള്ള രാജ്യ തലസ്ഥാനം ; കുപ്രസിദ്ധിയില്‍ മുന്‍പില്‍ ഡൽഹി