അസനോള്‍(പശ്ചിമ ബംഗാള്‍ ): ആളൊഴിഞ്ഞ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ ശേഷം ഉടമസ്ഥന് രാത്രി കാലങ്ങളില്‍ പരിഹാസ സന്ദേശമയച്ച് മോഷ്‌ടാവ്.ഹിരാപൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സൂര്യനഗറില്‍ വ്യവസായിയായ രാജേഷ് ഗോപാലിന്‍റെ വീട്ടില്‍ ജനുവരി 24ാം തീയതിയാണ് മോഷണം നടന്നത്. 8000 രൂപയും ആറ് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നതിന് ശേഷം യഥാര്‍ഥ വിനോദം മോഷണമാണെന്ന സന്ദേശവും പ്രതി ഉടമസ്ഥനായ രാജേഷിന് അയച്ചു.
സംഭവ ദിവസം വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനായി രാജേഷും കുടുംബവും ബന്ധുവിന്‍റെ വീട്ടില്‍ പോയിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. ശേഷം, രാജേഷ് വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വീടിന്‍റെ കബോര്‍ഡും തുറന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന് തന്‍റെ വീട്ടില്‍ കവര്‍ച്ച നടന്നുവെന്ന് രാജേഷ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് രാജേഷ് പൊലീസിനെ വിവരമറിയിച്ചു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 8000 രൂപയുമായിരുന്നു മോഷ്‌ടാവ് കവര്‍ന്നത്. മോഷണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നിരുന്നു.