ഹൈദരാബാദ് : ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ നിരനിരയായി ഉയർന്നതിന് പിന്നാലെ ഈ വിഷയങ്ങളും സെക്യൂരിറ്റീസ് വിപണിയിൽ അടുത്ത കാലത്തുണ്ടായ ചാഞ്ചാട്ടവും അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.
മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രെയുടെ നേതൃത്വത്തിൽ ആറംഗ സംഘം ഉൾപ്പെടുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. വിദഗ്‌ധ സമിതിയുടെ അന്വേഷണ സംവിധാനത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് അദാനി-ഹിൻഡൻബർഗ് തർക്കവും യുഎസ് ഷോർട്ട് സെല്ലേഴ്‌സ് റിപ്പോർട്ടിൽ നിന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും എന്താണെന്ന് നമുക്ക് പരിശോധിക്കാം.
എന്താണ് ഷോർട്ട് സെല്ലിംഗ് : കച്ചവടം നടക്കുമ്പോൾ വിൽപ്പനക്കാരന്‍റെ ഉടമസ്ഥതയിലല്ലാത്ത ഓഹരികൾ ഭാവിയിൽ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങുക എന്ന ലക്ഷ്യത്തോടെ വിൽക്കുന്ന പ്രക്രിയയാണ് ഷോർട്ട് സെല്ലിങ്. ഈ തന്ത്രം നടപ്പിലാക്കുന്നതിനായി ഷോർട്ട് സെല്ലർമാർ ഓഹരികൾ കടം വാങ്ങുകയും അവയുടെ നിലവിലെ വിപണി മൂല്യത്തിൽ വിൽക്കുകയും ചെയ്യുന്നു.
ശേഷം സ്റ്റോക്ക് വില കുറയുമ്പോൾ അവ തിരികെ വാങ്ങുകയും ചെയ്യുന്നു. വിൽപ്പന വിലയും തിരിച്ച് വാങ്ങുന്ന വിലയും തമ്മിലുള്ള മൂല്യത്തിലെ വ്യത്യാസത്തിൽ നിന്നാണ് ലാഭ മാർജിൻ ലഭിക്കുന്നത്. ചുരുക്കത്തിൽ, സ്റ്റോക്ക് അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികളുടെ വില ഇടിവ് പ്രതീക്ഷിച്ച് നടത്തുന്ന ഒരു നിക്ഷേപ ചൂതാട്ടമാണിത്.
അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ :അദാനി ഗ്രൂപ്പ് സ്റ്റോക്ക് വിലയിൽ വലിയ രീതിയിൽ കൃത്രിമം നടത്തി എന്നാണ് ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. അവരുടെ ആസ്‌തികളുടെ മൂല്യം വർധിപ്പിക്കുകയും, ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള വിവിധ ഓഫ്‌ഷോർ ഷെൽ എന്‍റിറ്റികളിലൂടെ അവരുടെ 75% ഓഹരികളിൽ നിയന്ത്രണം ചെലുത്തുകയും ചെയ്യുന്നു എന്നാണ് ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള 1957 ലെ സെക്യൂരിറ്റീസ് കോൺട്രാക്‌ട്‌സ് (റെഗുലേഷൻ) ചട്ടങ്ങളുടെ ലംഘനമാണ് ഈ നടപടികൾ.
മൊത്തം 2.2 ലക്ഷം കോടി രൂപയുടെ ഒന്നിലധികം വായ്‌പകൾ സുരക്ഷിതമാക്കാൻ ആസ്‌തികൾ പ്രയോജനപ്പെടുത്തി അദാനി ഗ്രൂപ്പ് ഗണ്യമായ തുക കടം എടുത്തതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. അദാനി ഗ്രൂപ്പ് ഈ വായ്‌പ അടവിൽ വീഴ്‌ച വരുത്തിയാൽ പണം കടം നൽകിയ ബാങ്കുകൾക്ക് അവരുടെ ഫണ്ടുകൾ തിരിച്ചുപിടിക്കാൻ കഴിയാതെ വരും. ഇത് അവരെ അപകടകരമായ അവസ്ഥയിലേക്കാകും എത്തിക്കുക.
കോടികളുടെ തട്ടിപ്പ്:പതിറ്റാണ്ടുകളായി വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും അദാനി ഗ്രൂപ്പ് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് സൂചിപ്പിക്കുന്നതാണ് ഈ ആരോപണങ്ങൾ. ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ തെറ്റായ മാർഗങ്ങളിലൂടെ 100 ബില്യൺ ഡോളറിലധികം ആസ്‌തി സമ്പാദിച്ച ഗൗതം അദാനിയെയും അദാനി ഗ്രൂപ്പിനെയും പ്രതിപ്പട്ടികയിലാക്കാം.
അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിലെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാലും അദാനി ഗ്രൂപ്പിന് ആശ്വസിക്കാൻ കഴിയില്ല. കാരണം അദാനി ഗ്രൂപ്പിന് ഇതിനകം തന്നെ ആസ്ഥിയിൽ കാര്യമായ നഷ്‌ടം സംഭവിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഗ്രൂപ്പിന്‍റെ ഓഹരി വിലകളിൽ 140 ബില്യൺ ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.