പട്‌ന: കൂണ്‍ കൃഷിയില്‍ മികവ് തെളിയിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് ബിഹാര്‍ സ്വദേശിനി വീണ ദേവി. കൂൺ വനിതയെന്നാണ് വീണ അറിയപ്പെടുന്നത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ പ്രമുഖരില്‍ നിന്ന് ഇതിനകം ആദരവും ഏറ്റുവാങ്ങി.
വ്യത്യസ്‌തമായ കൂൺ കൃഷി; ബിഹാറിൽ നിന്നൊരു 'കൂൺ വനിത'യുടെ കഥ കൂൺ കൃഷി തൊഴില്‍ മേഖലയാക്കുകയും അതില്‍ വിജയം വരിക്കുകയും മാത്രമല്ല വീണ ചെയ്‌തത്. തന്‍റെ ഗ്രാമത്തിലുള്ള നൂറിലധികം സ്‌ത്രീകളെ കൂൺ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു. 25,000ത്തിലധികം സ്‌ത്രീകൾക്ക് പരിശീലനം നൽകി. വീടുകളില്‍ കൂൺ കൃഷി ചെയ്യാന്‍ പ്രോത്സാഹനം നൽകി. കൃഷി രീതികള്‍ അവരെ പഠിപ്പിച്ചു. 3,500 ലധികം കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി ഇത്തരത്തില്‍ മെച്ചപ്പെടുത്താനായി.
കിടപ്പുമുറി തന്നെയായിരുന്നു വീണയുടെ കൃഷിയിടം. കട്ടിലിന് കീഴിലാണ് വീണ കൃഷിയാരംഭിച്ചത്. 600 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെയുള്ള കൂൺ അവിടെ സൂക്ഷിച്ചു. ഇതറിഞ്ഞ് കാർഷിക സർവകലാശാലയിലെ ഒരു സംഘം വീട്ടിലെത്തി. പിന്നാലെ വീണയുടെ കൃഷിരീതികൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അധികൃതരുടെ സഹായം ലഭ്യമായതോടെ കൃഷി വ്യാപിപ്പിക്കാന്‍ വീണയ്ക്കായി.
പിന്നാലെ നിരവധി പ്രമുഖരുടെ അഭിനന്ദനങ്ങളും വീണയെ തേടിയെത്തി. ട്വിറ്ററിലൂടെ പ്രധാനമന്ത്രി വീണയെ രാജ്യത്തിന് പരിചയപ്പെടുത്തി. പ്രധാനമന്ത്രിക്ക് ഹസ്‌തദാനം നൽകാനുള്ള അവസരം കൈവന്നത് വീണ അഭിമാനത്തോടെ കാണുന്നു. ബിഹാര്‍ മുഖ്യമന്ത്രിയില്‍ നിന്നും കൃഷിമന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. നാരി ശക്തി അവാര്‍ഡിനും അര്‍ഹയായി. പ്രവർത്തന മികവിന് റാണി പഞ്ചായത്തിന്‍റെ സർപാഞ്ച് പദവിയും ലഭിച്ചു.