രജനികാന്തിന്‍റെ Rajinikanth മകള്‍ ഐശ്വര്യ Aishwarya Rajinikanth, സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലാൽ സലാം' Lal Salaam. മകളുടെ ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയൊരു വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിലെ രജനികാന്തിന്‍റെ ഭാഗം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കേക്ക് മുറിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
മകള്‍ ഐശ്വര്യയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന രജനികാന്തിനെയാണ് ചിത്രത്തില്‍ കാണാനാവുക. മകള്‍ അച്ഛനൊപ്പമുള്ള ചിത്രത്തില്‍ സഹതാരങ്ങളും അണിയറപ്രവർത്തകരും ഉണ്ട്. സിനിമയിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള രജനികാന്തിനെയാണ് ചിത്രത്തില്‍ കാണാനാവുക.
ഇതുവരെ കാണാത്ത വ്യത്യസ്‌ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ സിനിമയ്‌ക്ക് ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ച് രജനികാന്ത് തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരിക്കുന്നത്.
പോസ്‌റ്റ് പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 'ലാല്‍ സലാ'മിന് വേണ്ടിയുള്ള രജനികാന്തിന്‍റെ ഭാഗങ്ങള്‍ പൂർണമായും മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.വിഷ്‌ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു എന്നറിഞ്ഞത് മുതല്‍ 'ലാല്‍ സലാ'മിനെ കുറിച്ചുള്ള ഹൈപ്പുകള്‍ വര്‍ധിച്ചിരുന്നു. രജനികാന്തിന്‍റെ 170 -ാമത് ചിത്രം കൂടിയാണിത്.