ന്യൂഡൽഹി:2014 മെയ് 26 ന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ വിജയം നേടി അധികാരത്തിൽ എത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പ്രശസ്‌തി കുതിച്ചുയർന്നിരുന്നു. അങ്ങനെ വീണ്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരം നേടി. ആറ് വർഷക്കാലം വലിയ പ്രശ്‌നങ്ങളില്ലാതെ പോയ മോദിയുടെ ഭരണത്തിന് ഏഴാം വർഷം ആയപ്പോഴേക്കും പ്രശ്‌നങ്ങൾ കടന്നു വരാൻ ആരംഭിച്ചു. മോദിയെ ഒരു നല്ല ഭരണാധികാരിയായി കണക്കാക്കുന്നുണ്ടെങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ അദ്ദേഹം കൈകാര്യം ചെയ്‌ത രീതി വ്യാപകമായി വിമർശിക്കപ്പെട്ടു. ദേശീയ മാധ്യമങ്ങൾക്ക് പുറമെ കഴിഞ്ഞ കാലങ്ങളിൽ മോദിയെ മികച്ച ഭരണാധികാരികളിൽ ഒരാൾ എന്ന് പറഞ്ഞിരുന്ന അന്താരാഷ്‌ട്ര മാധ്യമങ്ങൾ പോലും അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തി. കൊവിഡ് ഒന്നാം തരംഗത്തിൽ യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിൻ കയറ്റി അയച്ചതടക്കം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Also Read:ബാബാ രാംദേവിനെതിരായ ഐഎംഎയുടെ മാനനഷ്ടക്കേസ്; നോട്ടീസ് ലഭിച്ചെന്ന് പതഞ്ജലി
എന്നിരുന്നാലും കൊവിഡ് രണ്ടാം തരംഗം ആയപ്പോൾ ആശംസകളും പുകഴ്‌ത്തലുകളുമടക്കം വിമർശനങ്ങളായി മാറി. പ്രതിപക്ഷത്തിന് പുറമെ ദേശീയ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും, അന്താരാഷ്‌ട്ര മാധ്യമങ്ങളുമടക്കം മോദിക്ക് നേരെ തിരിഞ്ഞു. ഗാൽവാൻ താഴ്‌വരയിലെ ചൈനയുമായുള്ള പ്രശ്‌നങ്ങൾ, കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്‌തതിലെ പാളിച്ചകൾ, ദീർഘനാളായി രാജ്യ തലസ്ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം എന്നിവയൊക്കെ മോദിയോടുള്ള ചോദ്യങ്ങളായി വന്നു. സമൂഹ മാധ്യമങ്ങളിൽ കൂടി മോദിക്കെതിരായ പ്രചാരണം ചർച്ചാവിഷയമായി. തുടർന്ന് നടന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഒരു ഡസനിലധികം കേന്ദ്ര മന്ത്രിമാരും മോദിയും അമിത് ഷായും യോഗിയുമടക്കമുള്ള ബിജെപി നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും എൻഡിഎക്ക് അവിടെ വിജയിക്കാൻ സാധിച്ചില്ല.
ഏഴാം വർഷത്തിൽ ആരോപണം നേരിട്ട പ്രമുഖർ
ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ ഏഴാം വർഷം കാലിടറിയ പ്രമുഖരായ ഇന്ത്യൻ പ്രധാനമന്ത്രിമാർ വേറെയുമുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നത് ഏഴാം വർഷത്തിലായിരുന്നു. നെഹ്റു പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത് ഏഴ് വർഷം പൂർത്തിയായ ശേഷമാണ് ചൈന ടിബറ്റിനെ ആക്രമിക്കുന്നത്. വിഷയത്തിൽ നെഹ്റു മൗനം പാലിച്ചതോടെ പ്രതിപക്ഷം പാർലമെന്‍റ് ഇളക്കിമറിച്ചു. അതുപോലെ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി 1971 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇത് ജെപി പ്രസ്ഥാനത്തിലേക്കും നയിച്ചു. അതേവർഷം തന്നെയാണ് ഇന്ദിരാഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും. ഇന്നും രാജ്യത്തിന്‍റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായാണ് അടിയന്തരാവസ്ഥ കാലത്തെ കണക്കാക്കുന്നത്. കടുത്ത അഴിമതി ആരോപണങ്ങളാണ് മൻമോഹൻ സിംഗിന്‍റെ യുപുഎ സർക്കാർ ഏഴാം വർഷത്തിൽ നേരിട്ടത്.
ബിജെപിക്ക് പറയാനുള്ളത്...
കഴിഞ്ഞ ഏഴ് വർഷങ്ങളിൽ മോദി സർക്കാർ രാജ്യത്ത് കൊണ്ടുവന്ന വികസനങ്ങൾ കാണാത്തവരാണ് അദ്ദേഹത്തെ വിമർശിക്കുന്നതെന്ന് ബിജെപി വക്താവ് സുദേഷ് വർമ ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് ഒന്നാം തരംഗത്തിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങം പോലും തകർന്നടിഞ്ഞപ്പോൾ ഇന്ത്യയിൽ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിൽ പ്രധാനമന്ത്രി 80 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എട്ട് മാസക്കാലം ഇത് തുടന്നതായും വർമ അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം മോദി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പോലും വികസനം ഒഴിവാക്കാത്ത മോദി സർക്കാർ രാജ്യത്തെ റോഡുകളുടെ നിർമാണ പ്രവർത്തികൾ അതിവേഗത്തിലാണ് പൂർത്തിയാക്കിയതെന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുന്ന വേളയിൽ പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്നും സുദേഷ് വർമ പറഞ്ഞു.