ഗുവാഹത്തി:മഹാരാഷ്ട്ര സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടിലേക്ക് നീങ്ങവെ വിമതരെ ഒപ്പം ചേര്‍ത്ത് നിര്‍ത്താൻ അവസാന അടവും പയറ്റി വിമത ക്യാമ്പ്. എംഎൽഎമാരുടെ മനസു മാറ്റാൻ ഉദ്ധവ് താക്കറെയും സംഘവും അണിയറയിൽ ശ്രമം തുടരുന്നതിനിടെ ഒപ്പമുള്ള എംഎൽഎമാരെ ഗോവയിലേക്കു മാറ്റാൻ വിമതര്‍ നീക്കം ആരംഭിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ 48 പേരെ 'സുരക്ഷിത'യിടത്തിലേക്ക് മാറ്റും.
എം.എല്‍.എമാര്‍ ഗോവയിലേക്ക് നേരിട്ടു മഹാരാഷ്ട്രയിലേക്കു പോകുന്നതിനു പകരം ബിജെപി ഭരിക്കുന്ന ഗോവയിൽ ഇന്നു രാത്രി കൂടി ചെലവഴിച്ച് നാളെ രാവിലെ വിശ്വാസവോട്ടിനു മുന്നോടിയായി മുംബൈയിലേക്കു തിരിക്കുന്ന രീതിയിലാണ് പദ്ധതി.
എം.എല്‍.എമാരുടെ യാത്രയോടനുബന്ധിച്ച് എൽജിബിഐ (ലോക്പ്രിയ ഗോപിനാഥ് ബൊര്‍ദോലോയ് അന്താരാഷ്ട്ര വിമാനത്താവളം, ഗുവാഹത്തി) വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി പൊലീസ് സേനയെ അധികമായി വിന്യസിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഗോവയിലെത്തുന്ന എം.എല്‍.എമാര്‍ക്കായി താജ് ഹോട്ടലില്‍ 21 മുറികളാണ് ബുക്ക് ചെയ്തിട്ടുള്ളത്. 39 ശിവസേന എം.എല്‍.എമാരും 9 ശിവസേന പിന്തുണയുള്ള സ്വതന്ത്ര എം.എല്‍.എമാരുമാണ് സംഘത്തിലുള്ളത്.
രണ്ട് തവണയായാണ് പ്രതിനിധി സംഘം പുറപ്പെടുക. ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ നാല് വിമത എം.എല്‍.എമാര്‍ ബുധനാഴ്ച കാമാഖ്യ ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. ജൂണ്‍ 20നാണ് ഇവര്‍ അസമിലെ ഗുവാഹത്തിയിലെ ഹോട്ടല്‍ റാഡിസൺ ബ്ലൂവിലെത്തിയത്. ഇതിനിടെ വിമത എംഎൽഎമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഉദ്ധവും സംഘവും തുടരുകയാണ്. ഇതിന്‍റെ ഭാഗമായി വികാര നിർഭരമായ വാക്കുകളുമായി വിമത എംഎൽഎമാരോട് തിരിച്ചുവരാൻ ഉദ്ധവ് താക്കറെ അഭ്യർഥിച്ചിരുന്നു.
also read: 'മുംബൈയിൽ തിരിച്ചെത്തി എന്നോട് സംസാരിക്കൂ'; വിമത എംഎൽഎമാരോട് ഉദ്ധവ് താക്കറെ