ന്യൂഡല്‍ഹി: ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി ഓഗസ്റ്റ് ഒന്നിന് പരിഗണിക്കും. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം സമര്‍പ്പിച്ച പുതിയ ഹര്‍ജിയിൻ മേലാണ് കോടതിയില്‍ വാദം നടക്കുക.
ഔദ്യോഗിക വിഭാഗമാണെന്ന അവകാശമുയര്‍ത്തി ഷിന്‍ഡെ പക്ഷം ഇലക്ഷന്‍ കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ച ഹർജിയിൽ നടപടികള്‍ തുടരുമ്പോഴാണ് ഉദ്ധവ് പക്ഷത്തിന്‍റെ പുതിയ നീക്കം. ഉദ്ധവ് പക്ഷത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ചീഫ് ജസ്‌റ്റിസ് എന്‍ വി രമണ, ജസ്‌റ്റിസുമാരായ കൃഷ്‌ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ആവശ്യമുന്നയിച്ചത്.
കേസിലെ വാദം കേൾക്കലിനെ ബാധിക്കുമെന്നതിനാൽ തെരഞ്ഞെടുപ്പ് പാനലിന് മുമ്പാകെ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ തീര്‍പ്പാക്കാത്ത ഹര്‍ജി ഓഗസ്റ്റ് ഒന്നിന് പരിഗണിക്കാനിരിക്കെ അനുബന്ധമായി പുതിയ ഹര്‍ജി സമര്‍പ്പിക്കുന്ന പക്ഷം അവ രണ്ടിലും ഒരുമിച്ച് വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
READ MORE:'അമ്പിനും വില്ലി'നുമായി തർക്കം; ഷിന്‍ഡെ-താക്കറെ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍
അതേസമയം ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ നേതൃത്വം നല്‍കുന്ന ശിവസേനയുടെ ഇരുവിഭാഗങ്ങളോടും ഓഗസ്റ്റ് എട്ടിന് മുമ്പായി ഔദ്യോഗിക പക്ഷമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ക്കൊപ്പം ഇവയെ അനുകൂലിക്കുന്ന സാമാജികരുടെയും, പാര്‍ട്ടി സംഘടന ഭാരവാഹികളുടെയും രേഖാമൂലമുള്ള കുറിപ്പും സമര്‍പ്പിക്കാന്‍ ഇരുപക്ഷങ്ങളോടും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.