ഹൈദരബാദ്: 2012 മുതല്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 11ന് ഐക്യരാഷ്ട്ര സഭ പെണ്‍കുഞ്ഞുങ്ങളുടെ അന്താരാഷ്ട്ര ദിനമായി ആചരിച്ചു വരുന്നുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സഭക്ക് ഏറെ മുമ്പ് 2009 മുതല്‍ തന്നെ ജനുവരി 24ന് ദേശീയ ബാലീക ദിനമായി ഇന്ത്യ ആചരിച്ചു വരുന്നുണ്ട്. പ്രതീകാത്മകമായ ഇത്തരം ആചാരങ്ങള്‍ ഒഴിച്ചാല്‍ നൂറ്റാണ്ടുകളായി തന്നെ നമ്മുടെ രാജ്യത്ത് ലിംഗ വിവേചനം നിലവിലുണ്ട്. പെണ്‍ കുഞ്ഞുങ്ങളോടുള്ള പൊതുവായ വിവേചനത്തിന്‍റെ കാര്യത്തില്‍ കുപ്രസിദ്ധമാണ് ഇന്ത്യ. ഗര്‍ഭിണികളായ അമ്മമാരില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍റെ ലിംഗമേതാണെന്ന് തിരിച്ചറിയാനുള്ള പരിശോധനകള്‍ അനധികൃതമായ രീതിയില്‍ നടന്നു വരുന്നു. കുഞ്ഞ് പെണ്ണാണെന്ന് കണ്ടെത്തിയാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കും. ഒരു ബാധ്യതയായി കണക്കാക്കപ്പെടുന്ന പെണ്‍കുഞ്ഞിനെ അവളുടെ കുടുംബം വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം ചെയ്ത് പറഞ്ഞയക്കുന്നു. പെണ്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ സമീപനങ്ങളുടെ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ യാതൊരു അവസാനുവുമില്ല.
1961ല്‍ ഇന്ത്യയില്‍ ആറ് വയസുള്ള പ്രായമുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 976 പെണ്‍കുട്ടികള്‍ എന്നതായിരുന്നു അനുപാതം. എന്നാല്‍ പെണ്‍ കുഞ്ഞുങ്ങളുടെ ഈ അനുപാതം 2001 ആയപ്പോഴേക്കും 927 ആയും 2011 ആയപ്പോഴേക്കും 918 ആയും കൂപ്പുകുത്തി. സമൂഹം പെണ്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന വിവേചനത്തിന്‍റെ മൂര്‍ച്ച എത്രത്തോളം മാരകമാണെന്ന് വ്യക്തമാക്കി തരുന്നു ഈ കണക്കുകള്‍. എന്‍ഡിഎ സര്‍ക്കാര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി 2015-ല്‍ കൊണ്ടു വന്ന പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നത്. പെണ്‍കുട്ടികളുടെ അനുപാതം 16 പോയിന്‍റ് വര്‍ദ്ധിച്ച് 934 ആയി ഉയര്‍ന്നിരിക്കുന്നു എന്ന് ചൂണ്ടികാട്ടി ഈ പ്രചാരണ പരിപാടിക്ക് മികച്ച ഫലമാണ് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. 640 ജില്ലകളില്‍ 422 എണ്ണത്തില്‍ ലിംഗ അനുപാതം മെച്ചപ്പെട്ടു എന്നാണ് ദേശീയ പെണ്‍ കുഞ്ഞ് ദിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉത്തരപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ പ്രഭാവമാണ് ഈ പരിപാടി സൃഷ്ടിച്ചിരിക്കുന്നത് എന്നും സര്‍ക്കാര്‍ പറയുന്നു. ഗര്‍ഭിണികളായ അമ്മമാരുടെ രജിസ്‌ട്രേഷന്‍, ആശുപത്രികളിലെ പ്രസവങ്ങള്‍, സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം എന്നിവ ഗണ്യമാം വിധം മെച്ചപ്പെട്ടു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍ കൊവിഡ്പെ ണ്‍കുട്ടികളുടെ ഭാവിക്ക് മേല്‍ അതിന്‍റെ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നു. 1000 ആണ്‍കുട്ടികള്‍ക്ക് 950 പെണ്‍കുട്ടികള്‍ എന്നുള്ള അനുപാതം ആരോഗ്യകരമായ ഒന്നാണെങ്കിലും ആ നേട്ടം കൈവരിക്കുന്നതില്‍ നിന്നും എത്രയോ അകലെയാണ് ഇപ്പോഴും ഇന്ത്യ. മഹാമാരിയുടെ കാലത്ത് വന്‍ തോതില്‍ ശൈശവ വിവാഹങ്ങള്‍ നടന്നു വരുന്നു എന്നത് ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ്. ഒരു പെണ്‍കുട്ടി ശാക്തീകരിക്കപ്പെട്ട് വളര്‍ന്ന് വരുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ ആത്മവിശ്വാസത്തോട് കൂടി ഒരു രാഷ്ട്രത്തിന് പുരോഗതി പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.