ന്യൂഡൽഹി: നിവാറിന് ശേഷം തമിഴ്‌നാടിന് ഭീഷണിയായി അടുത്ത ചുഴലിക്കാറ്റ് എത്തുന്നു. ഡിസംബർ രണ്ടിന് ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടക്കുന്നതോടെ തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിവാറിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും 2.5 ലക്ഷത്തോളം പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലും കേരളത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ചുഴലിക്കാറ്റെത്തുന്നു; തമിഴ്‌നാടിന് ജാഗ്രതാ നിർദേശം - കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഡിസംബർ രണ്ടിന് ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടക്കുന്നതോടെ തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഡിസംബർ ഒന്ന് രാത്രി മുതൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, കിഴക്കൻ ശ്രീലങ്കൻ തീരത്തും, കൊമോറിൻ പ്രദേശത്തും, മന്നാർ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ പോകരുതെന്നും മത്സ്യബന്ധത്തിന് പോയവർ ഉടൻ തിരിച്ച് വരണമെന്നും മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറാനും ഏകദേശം പടിഞ്ഞാറോട്ട് നീങ്ങാനും ഡിസംബർ മൂന്നിന് കൊമോറിൻ പ്രദേശത്ത് ശക്തമാകാനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ മേഖലകളിൽ 75 കിലോമീറ്റർ വേഗതയിലും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ഡിസംബർ ഒന്നിന് 70 മുതൽ 80 കിലോമീറ്റർ വേഗതയിലും, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 90 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. കൊമോറിൻ പ്രദേശം, മന്നാർ ഉൾക്കടൽ, തമിഴ്‌നാട്-കേരളം തീരങ്ങളിൽ ഡിസംബർ രണ്ടിന് 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.