ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയെ മത്സരിപ്പിക്കാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീവ്ര ശ്രമം തുടരുന്നു. തെലങ്കാനയിലെ ചില സീറ്റുകളിലാണ് സോണിയ ഗാന്ധിയെ മത്സരിപ്പാക്കാനുള്ള നീക്കം നടക്കുന്നത്. തെലങ്കാനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചതിൽ സോണിയ ഗാന്ധിക്ക് വലിയ പങ്കുണ്ടെന്നാണ് തെലങ്കാനയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്.
തെലങ്കാനയിൽ നിന്ന് സോണിയ ഗാന്ധി നേരിട്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സംസ്ഥാനമൊട്ടാകെ അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമെന്നും പാർട്ടിക്ക് കൂടുതൽ ആവേശവും ഊർജവും ലഭിക്കുമെന്നും സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നു. നൽഗൊണ്ട മണ്ഡലത്തിലോ ഖമ്മം മണ്ഡലത്തിലോ സോണിയ ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് പിസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ഈ രണ്ട് സംയുക്ത ജില്ലകളിലെ രണ്ടെണ്ണം ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അടുത്തിടെ കോൺഗ്രസ് വിജയിച്ചിരുന്നു.
നിലവിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നാണ് സോണിയ പാർലമെന്‍റിനെ പ്രതിനിധീകരിക്കുന്നത്. പ്രിയങ്ക അവിടെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയാൽ യുപിയിൽ പാർട്ടിക്ക് അനുകൂലമാകുമെന്നും തെലങ്കാനയിൽ സോണിയയെ കൊണ്ടുവന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അനുകൂല സാഹചര്യം ശക്തമാകുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.
മറുവശത്ത്, കോൺഗ്രസും തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും 'ഇന്ത്യ' സഖ്യത്തിൽ പങ്കാളികളാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ സോണിയ മത്സരിച്ചാൽ അത് തമിഴ്‌നാട്ടിൽ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്‌ഡി ഈ മാസം എട്ട് മുതൽ 12 വരെ പാർലമെന്‍റ് മണ്ഡലങ്ങളുടെ അവലോകനം നടത്തും.
ഇത്തവണ 17 സീറ്റുകളിലും വിജയം ലക്ഷ്യമിട്ട് പോരാടാനാണ് പിസിസി തീരുമാനം. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നീക്കവും നടക്കുകയാണ്. ഖമ്മമിലെയും നൽഗൊണ്ടയിലെയും ഒരു സീറ്റിൽ സോണിയ മത്സരിച്ചാൽ മറ്റേ സീറ്റിൽ ആരായിരിക്കും സ്ഥാനാർഥി എന്ന ചർച്ചയിലാണ് നേതാക്കൾ. മന്ത്രി പൊങ്കുലേട്ടിയുടെ സഹോദരൻ പ്രസാദ് റെഡ്‌ഡി, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമർക്കയുടെ ഭാര്യ നന്ദിനി, മുൻ മന്ത്രി രേണുക ചൗധരി തുടങ്ങിയവർ ഖമ്മം സീറ്റിനായി രംഗത്തുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം പട്ടേൽ രമേഷ് റെഡ്‌ഡിക്ക് നൽഗൊണ്ട സീറ്റ് നൽകുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. മുൻ മന്ത്രി ജന റെഡ്‌ഡി ഈ സ്ഥാനത്തിന് വേണ്ടി പോരാടുന്നതായാണ് ഏറ്റവും പുതിയ വിവരം. സോണിയ നൽഗൊണ്ടയിൽ മത്സരിച്ചാൽ പട്ടേലിന് ഭുവനഗിരി സീറ്റ് ലഭിക്കുമോയെന്ന ചർച്ചയും പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. ഭുവനഗിരി സീറ്റിനായി പിസിസി വൈസ് പ്രസിഡന്‍റ് ചമല കിരൺകുമാർ റെഡ്‌ഡി ശ്രമിക്കുന്നു. പിസിസി വൈസ് പ്രസിഡന്‍റ് മല്ലൂരവിയുടെ പേരാണ് നാഗർകുർണൂലിലേക്ക് ഉയർന്നു വരുന്നത്. അടുത്തിടെ ആലമ്പൂരിൽ പരാജയപ്പെട്ട സമ്പത്ത് കുമാർ, മുൻ എംപി മന്ദ ജഗന്നാഥം എന്നിവരും ഈ സീറ്റിനായി രംഗത്തുണ്ട്.
നിസാമാബാദിന് വേണ്ടി ചിലർ ജീവൻ റെഡ്‌ഡി യുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. അദിലാബാദിൽ മുൻ എംഎൽഎ രേഖാനായക്, മഹബൂബാബാദിൽ മുൻ കേന്ദ്രമന്ത്രി ബാലാരണ്യക്, കരിംനഗറിൽ മുൻ എംഎൽഎ പ്രവീൺ റെഡ്‌ഡി , മേഡക്കിൽ നിന്ന് മുൻ എംഎൽഎ ജഗ്ഗറെഡ്‌ഡി അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഭാര്യ, സഹീറാബാദിൽ സുരേഷ് ഷെട്‌കർ എന്നിവരാണ് സീറ്റ് തേടുന്നത്. സിഡബ്ല്യുസിയുടെ പ്രത്യേക ക്ഷണിതാവ് വംശിചന്ദ് റെഡ്‌ഡിയും എം.എൽ.എ യെന്നാമിന്‍റെ സഹോദരന്‍റെ മകൻ ജീവൻ റെഡ്‌ഡിയും മഹബൂബ് നഗർ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ എംപി അഞ്ജൻ കുമാർ യാദവ്, മകൻ അനിൽ, മുൻ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എന്നിവരെയാണ് സെക്കന്തരാബാദിലേക്ക് പരിഗണിക്കുന്നത്.
മൽകാജിഗിരി, പെദ്ദപ്പള്ളി, ഹൈദരാബാദ്, വാറങ്കൽ, ചെവെല്ല സീറ്റുകളിലേക്കാണ് പാർട്ടി ശക്തരായ സ്ഥാനാർത്ഥികളെ തേടുന്നത്. മറ്റൊരു പാർട്ടിയിലെ മുതിർന്ന നേതാവ് കോൺഗ്രസിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ചെവെല്ലയിൽ രംഗത്തിറക്കിയാൽ എന്ത് സംഭവിക്കുമെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. ആരും തന്നെ ഹൈദരാബാദ് പാർലമെന്‍റ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. അടുത്തിടെ നാമ്പള്ളിയിൽ പരാജയപ്പെട്ട ഫിറോസ് ഖാന്‍റെയോ മറ്റ് നേതാക്കളുടെയോ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. മൽക്കാജിഗിരി ലോക്‌സഭാ മണ്ഡലത്തിൽ ബിആർഎസിലെ മുതിർന്ന നേതാവ് മത്സരിക്കുമെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും അങ്ങനെ വന്നാൽ തുല്യശക്തനായ സ്ഥാനാർഥിക്ക് ടിക്കറ്റ് നൽകാനാണ് പാർട്ടി ചർച്ച ചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു.
Also Read: സ്ഥാനാര്‍ഥിയായാല്‍, വരുന്നത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരം : ശശി തരൂര്‍