ബാലസോര്‍ ദുരന്തത്തിന് തൊട്ടുമുൻപുള്ള ദൃശ്യം ഭുവനേശ്വർ:ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 275 മരിച്ച അപകടത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ട്രെയിനിന് അകത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശുചീകരണ തൊഴിലാളിലകള്‍ ബെര്‍ത്തുകള്‍ ശുചീകരിക്കുന്നതിനിടെ ട്രെയിനുകള്‍ കൂട്ടിയിടിച്ചതും ഇതിന്‍റെ പ്രകമ്പനത്തില്‍ യാത്രക്കാര്‍ ബഹളം വെക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയില്‍ എന്ത്?:ദൃശ്യത്തില്‍ യാത്രക്കാര്‍ ബെർത്തുകളിൽ വിശ്രമിക്കുന്നതായി കാണാം. ഈ സമയം ശുചീകരണ തൊഴിലാളികള്‍ കോച്ചിന്‍റെ ഉള്‍ഭാഗം വൃത്തിയാക്കുകയും തറ തുടയ്‌ക്കുകയും ചെയ്യുന്നു. പൊടുന്നനെ ഒരു ശബ്‌ദത്തോടെ ക്യാമറ കുലുങ്ങുകയും യാത്രക്കാര്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും കേള്‍ക്കാം. തുടര്‍ന്ന് ദൃശ്യങ്ങളൊന്നും കാണുന്നില്ലെങ്കിലും നിലവിളി ശബ്‌ദം തുടരുന്നുണ്ട്. അതേസമയം ഈ വീഡിയോ നിരവധി പേര്‍ സോഷ്യൽ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിട്ടുമുണ്ട്.
Also read: നോവുണങ്ങാതെ ബാലസോര്‍; അപകടത്തില്‍ മരിച്ചവരില്‍ 124 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിയാനായില്ല
രാജ്യം നടുങ്ങിയ ബാലസോര്‍ ദുരന്തം:ഇക്കഴിഞ്ഞ ജൂണ്‍ രണ്ട് രാത്രി 7.20നാണ് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടമുണ്ടാകുന്നത്. യാത്രയ്‌ക്കിടെ പാളം തെറ്റി മറിഞ്ഞ ബെംഗളൂരു - ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ - ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് വലിയ അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചതോടെ അപകടത്തിന്‍റെ വ്യാപ്‌തിയും വര്‍ധിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉടന്‍ തന്നെ പ്രതികരിച്ചിരുന്നു. അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത മന്ത്രാലയത്തിൽ എത്തിയതിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും റെയില്‍വേ മന്ത്രി പ്രതികരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചു. ഇതുപ്രകാരം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം ലഭ്യമാക്കും. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്നും പ്രഖ്യാപിച്ചിരുന്നു.
അന്വേഷണവുമായി സിബിഐ:ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണമേറ്റെടുത്ത കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ കഴിഞ്ഞദിവസം അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി 10 അംഗ സിബിഐ സംഘമാണ് ബാലസോറിലെത്തിയത്. ബഹനാഗ ബസാർ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ അന്വേഷണ സംഘം, റെയില്‍വേ ട്രാക്കുകള്‍, സിഗ്‌നല്‍ റൂം എന്നിവയും പരിശോധിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഫോറന്‍സിക് സംഘവുമെത്തിയിരുന്നു. അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്ന് ഇവരും സിഗ്നൽ റൂം ജീവനക്കാരുമായി വിവരങ്ങള്‍ ചോദിച്ചറിയുകയും വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തേടുകയും ചെയ്‌തിരുന്നു. അപകടത്തിന് പിന്നിൽ അട്ടിമറിയും ബാഹ്യ ഇടപെടലുകളുമുണ്ടെന്ന് റെയിൽവേ സംശയിക്കുന്നതിനാൽ ദുരന്തത്തിലെ ക്രിമിനല്‍ കോണുകളെക്കുറിച്ചും സിബിഐ അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Also read: പ്രതിസ്ഥാനത്ത് 'സിഗ്നലും കവചും' മാത്രമോ?; ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ വേറിട്ട വിശദീകരണങ്ങളെത്തുമ്പോള്‍