കേരളം

kerala

ETV Bharat / bharat

നഴ്‌സിനെ കൊന്ന് ശരീരം വെട്ടിനുറുക്കി, തല പുഴക്കരയില്‍, കൈകാലുകള്‍ ഫ്രിഡ്‌ജില്‍; വീട്ടുടമസ്ഥന്‍ പിടിയില്‍

ചൈതന്യപുരിയില്‍ താമസിക്കുന്ന ചന്ദ്രമോഹനാണ് പിടിയിലായത്. നഴ്‌സ് ആയ എറം അനുരാധ ഇയാളുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Hyderabad  Landlord murdered nurse and mutilated her body  killed the nurse and mutilated her body  killed the nurse and mutilated her body hyderabad  നഴ്‌സിനെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി  ചൈതന്യപുരി  എറം അനുരാധ  മൂസി നദി  ഓഹരി വിപണി
Landlord murdered nurse and mutilated her body

By

Published : May 25, 2023, 1:35 PM IST

ഹൈദരാബാദ്:എട്ട് ദിവസം മുമ്പ് സ്‌ത്രീയുടെ തല ഹൈദരാബാദിലെ മുസി നദിക്കരിയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ചൈതന്യപുരിയില്‍ താമസിക്കുന്ന ചന്ദ്രമോഹനാണ് പിടിയിലായത്. നഴ്‌സ് ആയി ജോലി ചെയ്‌തിരുന്ന എറം അനുരാധ (55) ആണ് കൊല്ലപ്പെട്ടത്.

ചന്ദ്രമോഹന്‍റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു അനുരാധ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അനുരാധയുടെ തല മുസി നദിക്കരയില്‍ നിന്നും മറ്റ് ശരീര ഭാഗങ്ങള്‍ ചന്ദ്രമോഹന്‍റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

സംഭവം ഇങ്ങനെ: പത്ത് വര്‍ഷം മുമ്പ് ചന്ദ്രമോഹന്‍റെ പിതാവ് അനുരാധ ജോലി ചെയ്‌തിരുന്ന ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ഈ സമയത്താണ് ചന്ദ്രമോഹനും അനുരാധയും പരിചയപ്പെടുന്നത്. പിന്നാലെ ചൈതന്യപുരിയിലെ തന്‍റെ വീടിന്‍റെ താഴത്തെ നില അനുരാധയ്‌ക്ക് ഇയാള്‍ വാടകയ്‌ക്ക് നല്‍കി.

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചിരുന്ന ചന്ദ്രമോഹന്‍ അനുരാധയുടെ പക്കല്‍ നിന്നും ഏഴ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം ഓഹരിയില്‍ നിക്ഷേപിച്ചെങ്കിലും അയാള്‍ക്ക് നഷ്‌ടം സംഭവിച്ചു. പിന്നാലെ ഇയാള്‍ അനുരാധയോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. പക്ഷേ ചന്ദ്രമോഹന് പണം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

മെയ്‌ 12ന് പണമിടപാട് സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഈ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ചന്ദ്രമോഹന്‍ അനുരാധയെ കൊലപ്പെടുത്തി കത്തിയും ടൈല്‍ കട്ടറും ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കുകയും ചെയ്‌തു.

തല പുഴക്കരയില്‍, കൈകാലുകള്‍ ഫ്രിഡ്‌ജില്‍, ദുര്‍ഗന്ധം അറിയാതിരിക്കാന്‍ പെര്‍ഫ്യൂം: അറുത്തുമാറ്റിയ അനുരാധയുടെ തലയുമായി ചന്ദ്രമോഹന്‍ ഓട്ടോറിക്ഷയില്‍ മുസി നദിക്കരയില്‍ എത്തി. തല അവിടെ ഉപേക്ഷിച്ച് അയാള്‍ കടന്നു. മെയ്‌ 17നാണ് തിലഗുഡിയില്‍ കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്‍റെ തല നാട്ടുകാര്‍ കണ്ടെത്തിയത്.

നാട്ടുകാരില്‍ ഇത് വലിയ ഞെട്ടലുണ്ടാക്കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലക്‌പേട്ട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. എട്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. ആദ്യം 750 പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത മിസിങ് കേസുകളിലാണ് പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ എവിടെയും കേസൊന്നും രജിസ്റ്റർ ചെയ്‌തിട്ടില്ല എന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി.

തല കണ്ടെടുത്ത പ്രദേശത്തിന് സമീപമുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. നൂറ് കണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്ക് വിധേയമാക്കി. അവയില്‍ ഒന്നില്‍ തല കണ്ടെടുത്ത ഭാഗത്ത് സംശയാസ്‌പദമായ രീതിയില്‍ ഒരാള്‍ നില്‍ക്കുന്നത് പൊലീസ് ശ്രദ്ധിച്ചു.

അയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സാങ്കേതിക സംഘത്തിന്‍റെ സഹായവും പൊലീസ് തേടിയിരുന്നു. സിസിടിവിയില്‍ കണ്ട ചന്ദ്രമോഹന്‍റെ സഞ്ചാരം പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നാലെ ഇയാളുടെ വീട് അന്വേഷണ സംഘം കണ്ടെത്തി.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനുരാധയുടെ കൈകാലുകളും മറ്റ് ശരീര ഭാഗങ്ങളും ഫ്രിഡ്‌ജിലും ബക്കറ്റിലും സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ പെര്‍ഫ്യൂമുകളും ഡിയോഡറന്‍റുകളും ചന്ദ്രമോഹന്‍ ഉപയോഗിച്ചിരുന്നു. ശരീര ഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി ഡിസിപി രൂപേഷ്‌ കുമാര്‍ മലക് പറഞ്ഞു.

ചന്ദ്രമോഹനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്. ശരീരം എങ്ങനെ സംസ്‌കരിക്കാം എന്നതടക്കം ചന്ദ്രമോഹന്‍ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ നിന്ന് മനസിലാക്കിയിരുന്നു. കൊല്ലപ്പെട്ട അനുരാധയുടെ മൊബൈല്‍ ഫോണ്‍ ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ABOUT THE AUTHOR

...view details