ന്യൂഡൽഹി :തുർക്കിയില്‍ അന്തരിച്ച ഹൈദരാബാദ് നിസാമിന്‍റെ അനന്തരാവകാശിയായ നിസാം എട്ടാമൻ മുകറം ജായുടെ (89) മൃതദേഹം തെലങ്കാനയില്‍ എത്തിച്ചു. ഏഴാം നിസാമായ മിര്‍ ഉസ്‌മാന്‍ അലി ഖാന്‍റെ കൊച്ചുമകനായ മുകറം ജനുവരി 14നാണ് ഇസ്‌താംബൂളിൽവച്ച് അന്തരിച്ചത്. ഇന്നലെ (ജനുവരി 17) വൈകിട്ട് അഞ്ചിന് തെലങ്കാനയിലെ ഷംസാബാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, ഇന്ന് രാവിലെ മുതല്‍ ചൗമഹല്ല പാലസില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
ഖബറടക്കം മക്ക മസ്‌ജിദില്‍ :രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് മൃതദേഹം പൊതുജനങ്ങൾക്ക് കാണാൻ വേണ്ടി വച്ചിരിക്കുന്നത്. ശേഷം, മക്ക മസ്‌ജിദിലേക്ക് കൊണ്ടുപോവും. മുകറം ജായുടെ ആഗ്രഹപ്രകാരം, ചാര്‍മിനാറിന് സമീപത്തെ മക്ക മസ്‌ജിദില്‍ പിതാവ് അസം ജായുടെ ശവകുടീരത്തിന് സമീപമാണ് ഖബറടക്കം നടത്തുക. അവസാനത്തെ നിസാം മിർ ഉസ്‌മാൻ അലി ഖാന്‍റെ മൂത്ത മകൻ അസം ജാ ബഹദൂറിന്‍റേയും ഓട്ടോമൻ രാജകുമാരി ദുരെ ഷെഹ്‌വാറിന്‍റേയും മകനായി 1933 ഒക്‌ടോബർ ആറിന് ഫ്രാൻസിലാണ് മുകറം ജായുടെ ജനനം.