ഹൈദരാബാദ്:ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി'യുടെ നികുതി ഒഴിവാക്കി ഉത്തരവ്. 'ദി കേരള സ്‌റ്റോറി' സിനിമയ്‌ക്ക് സംസ്ഥാനത്ത് നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്യുകയായിരുന്നു. മതം മാറാനും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനും നിർബന്ധിതരായ ഒരു കൂട്ടം കേരളത്തിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്‍റെ പ്രഖ്യാപനം.
ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി' നികുതി രഹിതമായിരിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ ഹിന്ദിയിലെ ട്വീറ്റ്. 2023 മെയ് 12 ന് ലഖ്‌നൗവിൽ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഴുവൻ കാബിനറ്റിനൊപ്പം 'ദി കേരള സ്‌റ്റോറി' എന്ന സിനിമ കാണുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്‌തിരുന്നു. മധ്യപ്രദേശിന് ശേഷം 'ദി കേരള സ്റ്റോറി'ക്ക് നികുതി രഹിത പദവി നൽകുന്ന രണ്ടാമത്തെ ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്.
ഭീകര ഗൂഢാലോചനകൾ തുറന്നുകാട്ടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെ അഭിനന്ദിക്കുകയും കർണാടകയിലെ റാലിയിൽ കോൺഗ്രസിനെ വിമർശിക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്ത് ചിത്രത്തിന് നികുതി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. 'മധ്യപ്രദേശിൽ, മതപരിവർത്തനം നിരോധിച്ചുകൊണ്ട് ഞങ്ങൾ ഇതിനകം ഒരു നിയമം പാസാക്കിയിട്ടുണ്ട്. എല്ലാവരും ഈ സിനിമ കാണണം, കാരണം ഇത് അവബോധം നൽകുന്ന ഒന്നാണ്. ഇത് മാതാപിതാക്കളും കുട്ടികളും പെൺമക്കളും കാണാൻ ശുപാർശ ചെയ്യുന്നു. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ സിനിമ നികുതി ഒഴിവാക്കുന്നത്,' ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.