മുംബൈ :ഒരു സിനിമയുടെ റിലീസില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ മാത്രമാണെന്നറിയിച്ച് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനല്ലാതെ മറ്റാർക്കും അവകാശമില്ലെന്ന് സംഘടന പ്രസ്‌താവനയിലൂടെ അറിയിച്ചു. കേരള സ്‌റ്റോറിയുടെ റിലീസ് ബഹിഷ്‌കരിക്കുന്നതും അനുബന്ധ വിവാദങ്ങള്‍ക്കുമിടെയാണ് നിര്‍മാതാക്കളുടെ കൂട്ടായ്‌മ രംഗത്തെത്തുന്നത്.
നിര്‍മാതാക്കള്‍ക്ക് പറയാനുള്ളത് : 'ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ചില സംസ്ഥാനങ്ങള്‍ വിലക്കുന്നതില്‍ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മുമ്പ് പല സന്ദര്‍ഭങ്ങളിലായി വ്യക്തമാക്കിയത് പോലെ, സിനിമയുടെ റിലീസ് നിയന്ത്രിക്കുന്നത് സിബിഎഫ്‌സിയും ഏതൊരു സിനിമയുടെയും വിധി തീരുമാനിക്കുന്നത് പണം നൽകുന്ന പൊതുജനങ്ങളുമാണ്. തീർച്ചയായും, പ്രേക്ഷകർക്ക് ഏത് സിനിമയും കാണുകയോ അവഗണിക്കുകയോ ചെയ്യാം.
തെരഞ്ഞെടുപ്പ് അവരുടേതാണ്. സിബിഎഫ്‌സി അല്ലാതെ മറ്റാര്‍ക്കും അവരെ നിര്‍ബന്ധിക്കാനാവില്ലെന്നും സംഘടന പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. നിലവിൽ 150-ഓളം പ്രൊഡക്ഷൻ ബാനറുകൾ അംഗങ്ങളായി ഷിബാശിഷ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംഘടന, ചിത്രത്തിന്‍റെ രാജ്യത്തുടനീളമുള്ള സുഗമമായ പ്രദർശനത്തിനെതിരെയുള്ള പ്രവണത ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട അധികൃതരോട് അഭ്യർഥിച്ചു.
മുമ്പേ പ്രതികരിച്ച് ഷബാന ആസ്‌മിയും :കഴിഞ്ഞദിവസം സമാന അഭിപ്രായവുമായി ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം ഷബാന ആസ്‌മിയും രംഗത്തെത്തിയിരുന്നു. കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നവര്‍ ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിങ് ഛദ്ദയുടെ റിലീസ് അനുവദിക്കില്ലെന്ന് പറഞ്ഞവരെപ്പോലെ തെറ്റുകാര്‍ തന്നെയാണെന്നായിരുന്നു ഷബാന ആസ്‌മി തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പ്രതികരിച്ചത്. ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനല്ലാതെ മറ്റാർക്കും അവകാശമില്ല. കേരള സ്‌റ്റോറി നിരോധിക്കണമെന്നാവശ്യപ്പെടുന്നത് ആമിർ ഖാന്‍റെ ലാൽ സിങ് ഛദ്ദ നിരോധിക്കാൻ ആഗ്രഹിച്ചവരുടേത് പോലത്തെ തെറ്റാണ്.
ഒരു സിനിമയ്‌ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകാരം നല്‍കി കഴിഞ്ഞാൽ, പിന്നെ ഭരണഘടനാപരമായ അമിതാധികാരം ആർക്കുമില്ലെന്നും ഷബാന ആസ്‌മി അഭിപ്രായപ്പെട്ടു. 2022 ഓഗസ്‌റ്റ് 11 ന് ആമിറിന്‍റെ ലാൽ സിങ് ഛദ്ദ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളില്‍ ബോളിവുഡിനെ ബഹിഷ്‌കരിക്കുക (#BoycottBollywood) എന്നത് ട്രെൻഡായതിനെക്കുറിച്ച് ആസ്‌മി ട്വീറ്റില്‍ പരാമർശിച്ചിരുന്നു.
നിരോധനവും ഇളവും :കേരളത്തിൽ നിന്നുള്ള ചില സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് (ഐഎസ്) റിക്രൂട്ട് ചെയ്യപ്പെട്ടത് എങ്ങനെയെന്ന് ചിത്രീകരിച്ച സിനിമയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്‌ത ദി കേരള സ്‌റ്റോറി. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നതോടെ തന്നെ വിവാദങ്ങളും ആരംഭിച്ചു.
ചിത്രം സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ക്കുമെന്നും പൊതുജന പ്രതികരണം മോശമാണെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകൾ ഞായറാഴ്‌ച മുതൽ വിവാദ ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കിയിരുന്നു. മാത്രമല്ല വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും പശ്ചാത്തലമൊഴിവാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരും സംസ്ഥാനത്ത് ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു. അതേസമയം മധ്യപ്രദേശ് സര്‍ക്കാര്‍ ചിത്രത്തിന് നികുതി രഹിത പദവി നല്‍കിയിരുന്നു. പിന്നാലെ ചൊവ്വാഴ്‌ച പകലോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരള സ്‌റ്റോറി സംസ്ഥാനത്ത് നികുതി രഹിതമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.