പുറത്തിറങ്ങാനിരിക്കുന്ന 'കേരള സ്റ്റോറി' ചിത്രത്തിനെച്ചൊല്ലി വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി ചലച്ചിത്ര നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ. ഈ സിനിമയിൽ വെറും 'സത്യം' മാത്രമാണ് അവതരിപ്പിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ് വിയോജിപ്പ്. താൻ നിയമത്തിൽ വിശ്വസിക്കുന്നു. സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നൽകി. തങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുന്‍പ് അവർ സിനിമ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. ഏകദേശം ഒന്നര മാസമായി, ഈ സൂക്ഷ്മപരിശോധനയിലൂടെയാണ് കടന്നുപോയത്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അതില്‍ സന്തോഷമുണ്ട്.
'പ്രശ്നമുള്ളവര്‍ നിയമ നടപടി സ്വീകരിക്കട്ടെ':ഫിലിം സർട്ടിഫിക്കേഷനായി അന്തിമമായി അധികാരികൾക്ക് തങ്ങൾ തെളിവുകളും രേഖകളും നല്കി. അത് സ്വീകരിച്ചുവെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. സത്യത്തെ സ്വീകരിച്ചുവെന്നാണ് അത് കാണിക്കുന്നത്. ഇതിനുശേഷവും ചില ഗ്രൂപ്പുകൾക്ക് ആശങ്കകളോ പ്രശ്നമോ ഉണ്ടെങ്കില്‍ കോടതിക്കോ മറ്റ് നിയമസംവിധാനത്തിനോ തീരുമാനമെടുക്കാൻ വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് താൻ വിശ്വസിക്കുന്നു. തങ്ങൾ നിയമം കൃത്യമായി പാലിച്ചും ആ രൂപത്തില്‍ മുന്നോട്ടുപോയെന്നും കരുതുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് വിഷമിച്ചിരിക്കേണ്ട കാര്യമില്ല.
ALSO READ |'ദ കേരള സ്റ്റോറിക്ക്' എതിരെ ഹർജി: അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീംകോടതി
കേരളത്തിലെ ഒരു മന്ത്രി സിനിമ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്തതിനെക്കുറിച്ച് താന്‍ അറിഞ്ഞു. അദ്ദേഹത്തിന്റെ പാർട്ടിയുടെ രീതിയ്ക്കനുസരിച്ച് സിനിമയെ വിമർശിക്കാൻ ആ മന്ത്രിക്ക് എല്ലാ അവകാശവുമുണ്ട്. ഈ സിനിമയെ നിരോധിക്കണോ വേണ്ടയോ എന്ന് സെൻസർ ബോർഡും കോടതിയുമാണ് തീരുമാനിക്കേണ്ടത്. സെൻസർ ബോർഡ് സിനിമ ക്ലിയർ ചെയ്തതിന് ശേഷം ഒരു സിനിമ പൊതുവെ നിരോധിക്കില്ല.