ഹൈദരാബാദ്: സുദീപ്തോ സെന്നിന്‍റെ സംവിധാനത്തിൽ ബോളിവുഡ് താരം ആദ ശർമ കേന്ദ്ര കഥാപാത്രമായി എത്തുന്ന ദി കേരള സ്റ്റോറി ബോക്‌സോഫിസിൽ മുന്നേറുന്നു. ഏറെ വിവാദങ്ങൾക്ക് നടുവിൽ റിലീസായ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി. ഇൻഡസ്ട്രി ട്രാക്കർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പത്താം ദിവസം സിനിമ നേടിയത് 23 കോടിയാണ്.
ഇതോടെ ചിത്രത്തിന്‍റെ ആകെ ബോക്‌സോഫിസ് വരുമാനം 136 കോടി രൂപയിലെത്തി. അതേസമയം തിയേറ്ററുകളിലെ നില തുടരാനായാൽ ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് ചിത്രമായ രൺബീർ കപൂർ- ശ്രദ്ധ കപൂർ ജോഡിയുടെ തൂ ജൂതി മെയ്ൻ മക്കറിനെ കേരള സ്റ്റോറി മറികടക്കുമെന്നാണ് വിലയിരുത്തൽ. 177 കോടി രൂപയാണ് തൂ ജൂതി മെയ്ൻ മക്കർ ഇതിനോടകം നേടിയത്.
ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമായ പത്താനാണ് കലക്ഷനിൽ ഒന്നാമതായുള്ളത്. മെയ് അഞ്ചിന് റിലീസ് ചെയ്‌ത കേരള സ്റ്റോറി സൽമാൻ ഖാൻ നായകനായെത്തിയ കിസി കാ ഭായി കിസി കാ ജാനിനെ മറികടന്നിരുന്നു. 110 കോടി രൂപയാണ് സൽമാൻ ചിത്രത്തിന്‍റെ ഇതുവരെയുള്ള കലക്ഷൻ.
ചിത്രത്തിന്‍റെ പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽതന്നെ കേരള സ്റ്റോറി ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിലൂടെ ഇസ്‌ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസ് ക്യാമ്പുകളിലേക്ക് കടത്തപ്പെടുന്ന സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിനെതിരെ കേരളത്തിലുൾപ്പടെ വൻ പ്രതിഷേധമാണ് ഉയർന്നത്. തെറ്റായ അവകാശവാദങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ ചിത്രം ബോധപൂർവം ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം.
'ആർഎസ്‌എസ് കുപ്രചരണം' എന്നായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. നേരത്തെ പശ്ചിമബംഗാളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമാണ് നിരോധനം എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പക്ഷം. ഇതിനിടെ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ സിനിമയ്ക്ക് നികുതി ഒഴിവാക്കിയതും വാർത്ത ആയിരുന്നു.
പ്രതിഷേധത്തിന്‍റെ അലയൊലികൾക്കിടയിലും വിപുൽ ഷായുടെ നിർമാണത്തിൽ പുറത്തുവന്ന കേരള സ്റ്റോറി കലക്ഷനിൽ മുന്നേറ്റം തുടരുകയാണ്. ആദ ശർമയ്ക്ക് പുറമെ യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.