കൊൽക്കത്ത : 'ദി കേരള സ്റ്റോറി' ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഒരു പ്രത്യേക സമുദായത്തിലെ ജനങ്ങളെ അപമാനിക്കാൻ വസ്‌തുതകൾ വളച്ചൊടിച്ചാണ് ചിത്രം നിർമിച്ചതെന്ന് മമത പറഞ്ഞു. ബംഗാളിനെയും ഇതേ രീതിയിൽ അപകീർത്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.
രാജ്യത്തെ മിക്കവാറും ബിജെപി വിരുദ്ധ പാർട്ടികള്‍ സിനിമയ്‌ക്കെതിരെ ശബ്‌ദം ഉയർത്തിയിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ചുള്ള വിഷയമായതിനാലും ആ സംസ്ഥാനത്ത് സിപിഎം സർക്കാരായതിനാലും അവരും ശക്തമായി ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ 'ദി കേരള സ്റ്റോറി'ക്കെതിരെ സംസാരിക്കുന്നതുകൊണ്ട് സിപിഎമ്മിനൊപ്പം നിൽക്കുന്നുവെന്ന അർഥമില്ല. ബിജെപിയുമായി സിപിഎം ബന്ധം പുലർത്തുന്നുണ്ടെന്ന് മമത ആരോപിക്കുകയും ചെയ്‌തു.
കശ്‌മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമ നിർമിക്കാനാണ് ബിജെപിയുടെ നീക്കം. ബംഗാളിന് ചീത്തപ്പേരുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്തിനാണ് ഇത്തരത്തില്‍ ബിജെപി വർഗീയ രാഷ്‌ട്രീയം പയറ്റുന്നതെന്നും മമത ബാനർജി ചോദിച്ചു.
തമിഴ്‌നാട്ടിലും പ്രദർശനം റദ്ദാക്കി : തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകൾ ഞായറാഴ്‌ച മുതൽ ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കിയിരുന്നു. സിനിമയ്ക്ക് മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ദി കേരള സ്റ്റോറിക്ക് സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തില്ലെന്നാണ് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്.
Also read :'കേരള സ്റ്റോറി'ക്ക് മധ്യപ്രദേശില്‍ നികുതി ഇളവ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍