ന്യൂഡൽഹി :അടുത്തിടെ പുറത്തിറങ്ങിയ ‘ദി കശ്‌മീർ ഫയൽസ്’ എന്ന ചിത്രം വിദ്വേഷം ഇളക്കിവിടുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ, ജനങ്ങൾക്കിടയിൽ വെറുപ്പ് ആളിക്കത്തിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.
'ചില സിനിമകൾ മാറ്റത്തിന് പ്രചോദനം നൽകുന്നതാണ്. എന്നാൽ ദി കശ്‌മീർ ഫയൽസ് ജനങ്ങളിൽ വിദ്വേഷം ഉണർത്തുന്നതാണ്. സത്യം നീതിയിലേക്കും അനുരഞ്ജനത്തിലേക്കും സമാധാനത്തിലേക്കും വഴിതെളിക്കുന്നു. എന്നാൽ കുപ്രചാരണം വസ്തുതകളെയും ചരിത്രത്തെയും വളച്ചൊടിക്കുകയും അതുവഴി രോഷം ആളിക്കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. രാജ്യതന്ത്രജ്ഞര്‍ മുറിവുകൾ ഉണക്കാൻ ശ്രമിക്കുന്നു. എന്നാല്‍ ആർഎസ്എസിന്‍റെ പ്രചാരകർ ഭയവും മുൻവിധിയും മുതലെടുത്തുകൊണ്ട് രാജ്യത്തെ ഭരിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു', അദ്ദേഹം ട്വീറ്റ് ചെയ്‌തു.