ഭോപ്പാൽ : വിവേക് അഗ്‌നിഹോത്രി സംവിധാനം നിർവഹിച്ച 'ദി കശ്‌മീര്‍ ഫയല്‍സ്' മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷം ഇളക്കിവിടുന്നുവെന്ന വിമര്‍ശനം ശക്തമാണ്. 1990കളിലെ കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിം കൂട്ടക്കൊലയെപ്പറ്റിയും സിനിമ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാൻ.
ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ പ്രാണികളല്ല മറിച്ച് അവരും ഈ രാജ്യത്തെ പൗരരാണെന്ന് കുറിച്ചുകൊണ്ടാണ് നിയാസ് ഖാൻ ട്വീറ്റ് ചെയ്‌തത്. കാശ്മീർ ഫയൽസ് ബ്രാഹ്മണർ നേരിടുന്ന പ്രശ്‌നമാണ് കാണിക്കുന്നത്. ബ്രാഹ്‌മണരെ കാശ്‌മീരിൽ സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കണം. എന്നാൽ ചിത്രത്തിന്‍റെ നിർമാതാവ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന മുസ്‌ലിം കൊലപാതകങ്ങളെക്കുറിച്ച് ഒരു ചിത്രം നിർമിക്കാന്‍ തയ്യാറാകണം - ഖാൻ ട്വീറ്റ് ചെയ്‌തു.