ന്യൂഡൽഹി : 'ഗ്രേറ്റ് ഗാമ' എന്നറിയപ്പെടുന്ന അജയ്യനായ ഇന്ത്യൻ ഗുസ്‌തി താരം ഗാമ പെഹൽവാന്‍റെ 144-ാം ജന്മദിനമായ ഇന്ന് ഗൂഗിൾ, ഡൂഡിൽ നൽകി ആദരവറിയിച്ചു. ലോകം കണ്ട ഏക്കാലത്തെയും മികച്ച ഗുസ്‌തിക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഗുലാം മുഹമ്മദ് ബക്ഷ്. ഗുസ്‌തിയില്‍ അഞ്ച് ദശാബ്‌ദക്കാലം അദ്ദേഹം അജയ്യനായതോടെയാണ് ഗുലാം മുഹമ്മദ് ബക്ഷ് 'ദി ഗ്രേറ്റ് ഗാമ' എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്‌മരണാർഥം ഗൂഗിളിന്‍റെ ഹോം പേജിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്‌കാരണങ്ങളാണ് 'ഗൂഗിൾ ഡൂഡിൽ' എന്ന പേരിൽ അറിയപ്പെടുന്നത്. ഗൂഗിളിന്‍റെ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്‍റെ നിർമാതാക്കൾ. 1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ. വൃന്ദ സവേരി എന്ന ആർട്ടിസ്‌റ്റാണ് ഗാമ പെഹൽവാന്‍റെ റിംഗിലെ നേട്ടങ്ങളും ഇന്ത്യൻ സംസ്‌കാരത്തിന് അദ്ദേഹം കൊണ്ടുവന്ന സ്വാധീനത്തെയും പ്രാതിനിധ്യത്തെയും സൂചിപ്പിക്കുന്ന ഡൂഡിൽ തയ്യാറാക്കിയത്.
1878ൽ പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ജബ്ബോവൽ ഗ്രാമത്തിൽ ജനിച്ച ഗാമ, 1910ൽ ലണ്ടനില്‍ ലോകോത്തര നിലവാരമുള്ള ഗുസ്‌തിക്കാരെ പരാജയപ്പെടുത്തി ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പും 1927ൽ ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പും ഉൾപ്പടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ടൂർണമെന്‍റിലെ വിജയത്തിന് ശേഷം അദ്ദേഹത്തിന് "ടൈഗർ" എന്ന പദവിയും ലഭിച്ചു.
സ്റ്റാനിസ്ലോസ് ബിസ്‌കോ, ഫ്രാങ്ക് ഗോച്ച്, ബെഞ്ചമിന്‍ റോളര്‍ എന്നീ ലോക ചാമ്പ്യന്മാരെ അദ്ദേഹം തോല്‍പ്പിച്ചു. കുറച്ച് മിനിട്ടുകള്‍ കൊണ്ട് എതിരാളിയെ അദ്ദേഹം കീഴ്‌പ്പെടുത്തുമായിരുന്നു. ചിലര്‍ ഒരു മിനിട്ടിനുള്ളില്‍ തന്നെ തോല്‍വി സമ്മതിക്കുമായിരുന്നു.