ഹരിദ്വാര്‍:ഒരു മതവിഭാഗത്തിന്‍റെ മതപരമായ ചടങ്ങുകളില്‍ മറ്റ് മതവിഭാഗങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പല ഉദാഹരണങ്ങളും നമുക്ക് ഇന്ത്യയില്‍ കാണാന്‍ സാധിക്കും. അത്തരത്തില്‍ ഇന്ത്യയുടെ വൈവിധ്യത്തിലുള്ള ഒരുമ വെളിവാക്കുന്ന കാര്യം ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനങ്ങളില്‍ ഒന്നായ കന്‍വര്‍ യാത്രയിലും കാണാം.
കന്‍വര്‍ യാത്രയ്‌ക്ക് പേര് വരാന്‍ തന്നെ കാരണമായ കന്‍വര്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിര്‍മിക്കുന്നത് 450ഓളം വരുന്ന മുസ്ലീം കുടുംബങ്ങളാണ്. കന്‍വര്‍ ഇല്ലാതെ കന്‍വര്‍ യാത്രയില്ല. ഈ കന്‍വറിലാണ് ഗംഗാജലം ശിവഭക്തര്‍ വഹിച്ച് കൊണ്ടുപോകുന്നത്.
കന്‍വര്‍ യാത്രയില്‍ നാല് പ്രധാന കേന്ദ്രങ്ങളില്‍ നിന്നാണ് ഭക്തര്‍ ഗംഗാജലം ശേഖരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഖോമുഖ്, ഗംഗോത്രി എന്നിവയും ബിഹാറിലെ സുല്‍ത്താന്‍ഗഞ്ചുമാണ് ഈ കേന്ദ്രങ്ങള്‍. മുള വടിയുടെ ഇരു ഭാഗങ്ങളിലും പ്രത്യേക രീതിയിലുള്ള അലങ്കാരങ്ങളോടെ പാത്രങ്ങള്‍ കെട്ടിയാണ് കന്‍വര്‍ നിര്‍മിക്കുന്നത്. ഗംഗാജലം ശേഖരിച്ച ശേഷം പ്രധാന ശിവ ക്ഷേത്രങ്ങളില്‍ തീര്‍ഥാടകര്‍ ഇവ അര്‍പ്പിക്കുന്നു. ഗംഗാജലം കന്‍വറില്‍ ശേഖരിച്ച ശേഷം അത് തോളില്‍ വഹിച്ചാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്.
ഹരിദ്വാറില്‍ ജൂലൈ 14നാണ് കന്‍വര്‍ മേള ആരംഭിക്കുന്നത്. തലമുറകളായി കന്‍വറുകള്‍ നിര്‍മിക്കുന്നവരാണ് ഹരിദ്വാറിലെ 450ഓളം വരുന്ന ഈ മുസ്ലീം കുടുംബങ്ങള്‍. കന്‍വര്‍ തീര്‍ഥാടനം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് കന്‍വറുകളുടെ നിര്‍മാണം ആരംഭിക്കുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നാണ് കന്‍വര്‍ യാത്രയ്‌ക്കായി ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ വരുന്നത്.
കന്‍വറുകളുടെ ആവശ്യകത വര്‍ധിച്ചു:കൊവിഡ് കന്‍വര്‍ യാത്രികരുടെ എണ്ണം വളരെയധികം കുറച്ചിരുന്നു. അതുകൊണ്ട് തന്നെ കന്‍വര്‍ ഉണ്ടാക്കുന്ന ഈ കുടുംബങ്ങളുടെ വരുമാനം വലിയ രീതിയില്‍ കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം കന്‍വറുകള്‍ക്ക് നല്ല ആവശ്യകതയുണ്ടെന്ന് ഇവര്‍ പറയുന്നു.
നിര്‍മാണ വസ്‌തുക്കളുടെ വില വര്‍ധിച്ചു:മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിദ്വാറില്‍ ഒരു കന്‍വറിന്‍റെ വില 500 രൂപ ആയിരുന്നത് ഇപ്പോള്‍ വില 1,250 രൂപയാണ്. നിര്‍മാണ വസ്‌തുക്കള്‍ക്കുണ്ടായ വില വര്‍ധനവാണ് ഇതിന് കാരണം. കന്‍വര്‍ നിര്‍മിക്കാന്‍ ആവശ്യമായ മുള, തുണി, അലങ്കാര വസ്‌തുക്കള്‍ എന്നിവയുടെ വില വലിയ രീതിയില്‍ വര്‍ധിച്ചു.
തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നു:കന്‍വര്‍ നിര്‍മിക്കുന്ന ഈ കുടുംബങ്ങള്‍ പല സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്കായി ലഘു പാനീയങ്ങളും ഭക്ഷണങ്ങളും ഒരുക്കുന്നു. താമസസ്ഥലവും ഇവര്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്.