റായ്‌പൂർ:പാർട്ടിയുടെ 85-ാമത് പ്‌ളീനറി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സ്‌റ്റിയറിങ് കമ്മിറ്റി ആരംഭിച്ചു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള റോഡ്‌മാപ്പ്: ഫെബ്രുവരി 26ന് വൈകുന്നേരം പൊതുയോഗത്തോടെ സമാപിക്കുന്ന പ്‌ളീനറി സമ്മേളനത്തിൽ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വ്യക്തമായ മാർഗരേഖ തയ്യാറാക്കും. കന്യാകുമാരി മുതൽ കശ്‌മീർ വരെയുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് മീറ്റിങ്. ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഈ പ്രധാന സംസ്ഥാനങ്ങളിൽ വിജയിച്ചാൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിൽ പാർട്ടിയുടെ പുനരുജ്ജീവന പ്രതീക്ഷകൾക്ക് ജീവൻ ലഭിക്കും. നിലവിൽ കർണാടകയിലും മധ്യപ്രദേശിലും പാർട്ടി പ്രതിപക്ഷവും ഹിമാചൽ പ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരവും കൈയാളുന്നു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ്.
സ്റ്റിയറിങ് കമ്മിറ്റി: പിരിച്ചുവിട്ട കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) പങ്ക് വഹിക്കുന്ന സ്‌റ്റിയറിങ് കമ്മിറ്റി, ഉന്നത തീരുമാനമെടുക്കുന്ന ബോഡിയെ എങ്ങനെ രൂപീകരിക്കും എന്ന കാര്യങ്ങൾ ആലോചിക്കും. അതിനായി തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും. കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സ്‌റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളാണ്.
വർക്കിങ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുപ്പ്:പി ചിദംബരത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ ഐസിസി ഭരണഘടന വിഭാവനം ചെയ്യുന്ന തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുന്നത് ശ്രദ്ധേയമാണ്. പാർട്ടിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന ബോഡിയിൽ പ്രായം കുറഞ്ഞ നേതാക്കളെ ഉൾപ്പെടുത്താൻ പലരും നിർദ്ദേശിച്ചിട്ടുണ്ട്. പ്രവർത്തക സമിതിയിൽ കോൺഗ്രസ് അധ്യക്ഷനും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവും മറ്റ് 23 അംഗങ്ങളും ഉൾപ്പെടണമെന്ന് പാർട്ടി ഭരണഘടന നിർദേശിക്കുന്നുണ്ട്. ഈ 23 പേരിൽ 11 പേരെ പാർട്ടി അധ്യക്ഷൻ നിയമിക്കും, ബാക്കി 12 അംഗങ്ങളെ എഐസിസി തിരഞ്ഞെടുക്കണം.
തെരഞ്ഞെടുപ്പിന് സജ്ജം: സ്‌റ്റിയറിങ് കമ്മറ്റി തെരഞ്ഞെടുപ്പിന് പച്ചക്കൊടി വീശിയാൽ സിഡബ്ല്യുസി തെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ കാര്യം സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഉറപ്പായും ഉയർന്നുവരും. പാർട്ടിയുടെ ഭരണഘടന അനുസരിച്ചായിരിക്കും കമ്മിറ്റി തീരുമാനമെടുക്കുക. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടത്തിയത് കോൺഗ്രസ് മാത്രമാണെന്നും മുൻ കാലങ്ങളിലും സിഡബ്ല്യുസി തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയും ഇല്ലെന്നും കഴിഞ്ഞ 22 വർഷമായി നിഷ്‌പക്ഷമായ ആഭ്യന്തര തെരഞ്ഞെടുപ്പുകൾ നടത്തുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ജയറാം രമേശ് അവകാശപ്പെട്ടു.
കാര്യപരിപാടികൾ ഇങ്ങനെ: ആദ്യ ദിവസം, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌റ്റിയറിങ് കമ്മിറ്റി യോഗം. വൈകീട്ട് നാലിന് സബ്‌ജക്‌ട് കമ്മിറ്റി യോഗവും നടക്കും. ആറ് പ്രമേയങ്ങൾ ഇത് പരിഗണിക്കും. ഈ പ്രമേയങ്ങൾ ഫെബ്രുവരി 25, 26 തീയതികളിൽ ചർച്ച ചെയ്യും. രാഷ്ട്രീയ, സാമ്പത്തിക, അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ഫെബ്രുവരി 25 ന് ചർച്ചയ്ക്ക് എടുക്കും. കാർഷിക, കർഷക ക്ഷേമവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ; സാമൂഹിക നീതിയും ശാക്തീകരണവും; യുവജനങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഫെബ്രുവരി 26-ന് ചർച്ച നടക്കും. അവസാന ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യും, തുടർന്ന് 4 മണിക്ക് പൊതുസമ്മേളനം നടക്കും.