ഹൈദരാബാദ് : തെലങ്കാനയിൽ ജില്ല കലക്‌ടറുടെ വാഹനത്തിന് കുറുകെ നിന്ന് യാത്രാതടസം ഉണ്ടാക്കിയെന്നാരോപിച്ച് അധികൃതർ കന്നുകാലികൾക്ക് പിഴ ചുമത്തി. മുലുഗു ജില്ലയിലാണ് വിചിത്ര നടപടിയുണ്ടായത്. കർഷകൻ പോത്തുകളെ കാട്ടിലേയ്‌ക്ക് കൊണ്ടുപോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ മുലുഗു ജില്ല കലക്‌ടർ കൃഷ്‌ണ ആദിത്യയുടെ വാഹനത്തിന് മുന്നിൽ എത്തുകയായിരുന്നു. റോഡിന് കുറുകെ നിന്ന കന്നുകാലികളെ കണ്ട് കലക്‌ടറുടെ ഡ്രൈവര്‍ പല തവണ ഹോൺ മുഴക്കിയെങ്കിലും ഉടമസ്ഥനായ ബോയിനി യകയ്യ അത് ഗൗനിക്കാതെ ഫോൺ സംഭാഷണത്തിൽ മുഴുകിയിരിക്കുകയായിരുന്നു എന്നാണ് ആരോപണം.
കലക്‌ടറുടെ വാഹനം തടഞ്ഞെന്ന് ആരോപിച്ച് കന്നുകാലികൾക്ക് പിഴയിട്ട് അധികൃതര്‍ ; വിചിത്ര നടപടിയില്‍ കർഷകന് അടയ്‌ക്കേണ്ടി വന്നത് 8500 രൂപ - കലക്‌ടർ കന്നുകാലികൾക്ക് പിഴ ചുമത്തി
കന്നുകാലികൾ റോഡിന് കുറുകെ നിന്ന് ഗതാഗതം തടസപ്പെടുത്തി, ഹരിതഹാരത്തിൽ നട്ടുവളർത്തിയ ചെടികൾ തിന്നുനശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളിന്മേൽ മൊത്തം 8500 രൂപ പിഴ നൽകാനാണ് കർഷകനോട് ആവശ്യപ്പെട്ടത്
കലക്‌ടർ കന്നുകാലികൾക്ക് പിഴ ചുമത്തി
ദേഷ്യം വന്ന കലക്‌ടർ ഇയാളെ ഉറക്കെ ശകാരിക്കുകയും അയാൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്‌തു. ഹരിതഹാരത്തിൽ നട്ടുവളർത്തിയ ചെടികൾ കന്നുകാലികൾ തിന്നു നശിപ്പിച്ചെന്നാരോപിച്ചും കർഷകനെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് 1000 രൂപയും ഹരിതഹാരത്തിലെ ചെടികൾ കന്നുകാലികൾ തിന്നുവെന്ന് കാണിച്ച് 7500 രൂപയുമാണ് പിഴയിട്ടത്. ബോയിനി യകയ്യ പിഴ അടച്ചെങ്കിലും കലക്‌ടറുടേയും ഉദ്യോഗസ്ഥരുടേയും പെരുമാറ്റത്തിൽ കന്നുകാലി കർഷകർ പ്രതിഷേധിച്ചു.