ന്യൂഡൽഹി:ഐഎസ്‌ആർഒയിലും ശാസ്ത്ര വകുപ്പിലും സംയുക്ത കൺസൾട്ടേറ്റീവ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ശശി തരൂർ എംപി പാർലമെന്‍റിൽ (Tharoor Urges Consultative Mechanism Within ISRO). ഇന്ന് തുടങ്ങിയ ശീതകാല സമ്മേളനത്തിനിടയിലെ ശൂന്യവേളയിലാണ് തരൂർ ഈ ആവശ്യം ഉന്നയിച്ചത്. കൺസൾട്ടേറ്റീവ് സംവിധാനം ജീവനക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ജനാധിപത്യ മാർഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഎസ്ആർഒയിലും ശാസ്ത്ര വകുപ്പിലും ഒരു സംയുക്ത കൺസൾട്ടേറ്റീവ് മെക്കാനിസം പുനഃസ്ഥാപിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1963 ൽ സർക്കാർ ജീവനക്കാർക്കുള്ള മദ്ധ്യസ്ഥതാ സംവിധാനമായാണ് സർക്കാർ ജെസിഎം അവതരിപ്പിച്ചത്. ഐഎസ്ആർഒയുടെയും ശാസ്ത്ര വകുപ്പിന്‍റെയും കാര്യത്തിൽ ഓരോ അഞ്ച് വർഷത്തിലും ഒരു പുനഃപരിശോധനാ പ്രക്രിയ നടക്കണം, അതിൽ ജീവനക്കാർക്ക് വോട്ട് ചെയ്യാനും രണ്ട് സർവീസ് സംഘടനകളെ തെരഞ്ഞെടുക്കാനും കഴിയും. തെരഞ്ഞെടുത്ത സർവീസ് സംഘടനയ്ക്ക് അഞ്ച് വർഷത്തേക്ക് സംയുക്ത കൺസൾട്ടേറ്റീവ് സംവിധാനത്തിൽ പങ്കെടുക്കാൻ യോഗ്യതയും അംഗീകാരവും ഉണ്ടാകുമെന്നും തരൂർ വ്യക്തമാക്കി.
ഇത്തരത്തിൽ അവസാന പുനഃപരിശോധനാ പ്രക്രിയ നടന്നത് 2014 ലാണ്. കഴിഞ്ഞ ഒമ്പത് വർഷമായി നിലവിലെ സർക്കാരിന് കീഴിൽ കൺസൾട്ടേറ്റീവ് സംവിധാനം പുനഃസംഘടിപ്പിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല. തൽഫലമായി, ജീവനക്കാരുടെ ക്ഷേമം, തൊഴിൽ സാഹചര്യങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീർപ്പുകൽപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.