തിരുവനന്തപുരം : ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് മാർക്ക് ജിഹാദാണെന്ന പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡോ. ശശി തരൂർ എംപി. മലയാളി വിരുദ്ധ നയം അവസാനിപ്പിക്കേണ്ട സമയമായെന്നും ഇഷ്‌ടപ്പെടാത്ത ഏതൊരു പ്രവണതയിലും ജിഹാദ് എന്ന പദം കൂട്ടിച്ചേർക്കുന്നത് എല്ലാ പരിധികളുടെയും ലംഘനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പാണ്ഡെയുടെ പ്രസ്‌താവന വെറും പരിഹാസ്യം
ഡിയു പ്രവേശനത്തിൽ മാർക്ക് പ്രധാന മാനദണ്ഡമാകുന്നതിനെ താൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ രാകേഷ് കുമാർ പാണ്ഡെയുടെ പ്രസ്‌താവന വെറും പരിഹാസ്യമാണ്. ജിഹാദ് എന്നാൽ തന്നോട് തന്നെയുള്ള പോരാട്ടമാണെങ്കിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഡിയുവില്‍ പ്രവേശനം കിട്ടാനുള്ള പോരാട്ടത്തിലായിരിക്കും താനെന്നും ശശി തരൂർ പ്രതികരിച്ചു.
മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിന് മുന്നോടിയായി ഇന്‍റർവ്യൂ നടത്താം. എന്നാൽ അവരുടെ മാർക്കിനെ മോശപ്പെടുത്തുന്ന പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു.