താനെ (മഹാരാഷ്‌ട്ര) :താനെയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി (Thane Lift Collapse). ആറുപേരുടെ മരണം ഇന്നലെ (സെപ്‌റ്റംബര്‍ 10) സ്ഥിരീകരിച്ചിരുന്നു. മഹേന്ദ്ര ചൗപാല്‍ (32), രൂപേഷ് കുമാര്‍ ദാസ് (21), ഹാറൂണ്‍ ഷെയ്‌ഖ് (47), മിഥ്‌ലേഷ് (35), കരിദാസ് (38), സുനില്‍കുമാര്‍ ദാസ് (21) എന്നിവരാണ് ഇന്നലെ മരിച്ചത്. അതേസമയം, മരിച്ച ഏഴാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു (Thane Lift Collapse workers lost their lives).
താനെയ്‌ക്ക് സമീപം ബല്‍കം പ്രദേശത്തെ റണ്‍വാള്‍ കോംപ്ലക്‌സില്‍ ഇന്നലെ വൈകിട്ട് 5.30ന് ശേഷമാണ് സംഭവം. പുതുതായി നിര്‍മിച്ച 40 നിലകളുള്ള കെട്ടിടത്തിന്‍റെ വാട്ടര്‍ പ്രൂഫിങ് ജോലികള്‍ നടന്നുവരികയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങി വരുന്നതിനിടെ ലിഫ്റ്റിന്‍റെ കയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴ് തൊഴിലാളികളാണ് സംഭവ സമയത്ത് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്.
അപകടം നടന്ന ഉടന്‍ ദൃക്‌സാക്ഷികള്‍ ബല്‍കം അഗ്നിശമന സേനയെ വിവരം അറിയിക്കുകയും സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്‌തു. മുന്‍ ലോക്കല്‍ കൗണ്‍സിലര്‍ സഞ്ജയ് ബോയറും അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
അതേസമയം, സംഭവത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. 'ഞെട്ടിക്കുന്നത്! താനെയിലെ ലിഫ്റ്റ് അപകടം വളരെ ദാരുണമാണ്. അപകടത്തില്‍ ജീവന്‍ നഷ്‌ടമായവരുടെ കുടുംബങ്ങളോട് ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നു' -ഫഡ്‌നാവിസ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.