താനെ : മഹാരാഷ്‌ട്രയിലെ ഡോംബിവാലിക്ക് സമീപം ഒരു കുടുംബത്തിലെ അഞ്ച് പേർ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. ദെസാലെ പട നിവാസികളായ മീര ഗെയ്‌ക്‌വാദ് (55), മരുമകൾ അപേക്ഷ (30), കൊച്ചുമക്കളായ മയൂരേഷ് (15), മോക്ഷ (13), ബന്ധുവായ നിലേഷ് ഗെയ്‌ക്‌വാദ് (15) എന്നിവരാണ് മരിച്ചത്. ഡോംബിവാലിക്ക് സമീപം സന്ദപ് ഗ്രാമത്തിലെ ക്വാറിയിൽ ശനിയാഴ്‌ച (മെയ് 7) നാല് മണിയോടെയാണ് സംഭവം.
കുറച്ചുമാസങ്ങളായി സന്ദപ് ഗ്രാമത്തിലും ദെസാലെ പദ, ഭോപ്പാർ തുടങ്ങിയ 27ഓളം സമീപഗ്രാമങ്ങളിലും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഗ്രാമവാസികൾ പലപ്പോഴും തങ്ങളുടെ വസ്‌ത്രങ്ങൾ കഴുകുന്നതിനും മറ്റും ഈ ക്വാറിയിലേക്കാണ് വരാറുള്ളത്. അത്തരത്തിൽ തുണി കഴുകുന്നതിനായി ഇവിടെയെത്തിയതാണ് കുടുംബമെന്ന് പൊലീസ് പറയുന്നു.
മീരയും മരുമകൾ അപേക്ഷയും തുണി കഴുകുന്നതിനിടെ ക്വാറിയുടെ കരയിൽ ഇരിക്കുകയായിരുന്ന കൊച്ചുമക്കളിൽ ഒരാൾ കാൽ വഴുതി വെള്ളത്തിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനായാണ് മറ്റ് അംഗങ്ങളും ക്വാറിയിലേക്ക് ചാടിയത്. എന്നാൽ അഞ്ചുപേരും മുങ്ങിമരിക്കുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാർ മൻപാഡ പൊലീസിൽ വിവരമറിയിക്കുകയും അഗ്നിശമന സേനയെ വിളിച്ച് തിരച്ചിൽ നടത്തുകയും ചെയ്‌തു. രാത്രി എട്ട് മണിയോടെയാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങള്‍ കല്യാൺ-ഡോംബിവാലി മുനിസിപ്പൽ കോർപ്പറേഷനിലെ ശാസ്‌ത്രിനഗർ ആശുപത്രിയിലേക്ക് അയച്ചു.
സംഭവത്തിൽ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം അപകടമരണത്തിന് പിന്നാലെ, പ്രദേശത്തെ ജലക്ഷാമം പരിഗണിക്കാന്‍ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ വലിയ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി.