ചെന്നൈ :ദളപതി വിജയ്‌യുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം വാരിസ് ഓണ്‍ലൈന്‍ റിലീസിനെത്തുന്നു. ഈ മാസം 22 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലെത്തും. നിര്‍മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും ആമസോണ്‍ അധികൃതരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ റിലീസ് തീയതി പുറത്തുവിട്ടത്.
തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം ഓണ്‍ലൈന്‍ സ്‌ട്രീമിങ്ങിന് എത്തുക. പ്രൈം വീഡിയോയില്‍ വാരിസ് സ്‌ട്രീം ചെയ്യുന്നതോടെ 240 ല്‍ അധികം രാജ്യങ്ങളിലെ സിനിമ ആസ്വാദകര്‍ക്ക് ചിത്രം കാണാനാകും എന്നതില്‍ താന്‍ സന്തോഷത്തില്‍ ആണെന്ന് വിജയ് പറഞ്ഞു.
വാരിസിനെ കുറിച്ച് ദളപതി : 'വാരിസ് എനിക്ക് വളരെ സ്‌പെഷ്യലായ ഒരു സിനിമയാണ്. ആഴത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുടുംബചിത്രമാണ് വാരിസ്. സിനിമ തിയേറ്ററില്‍ പോയി കണ്ട പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പ്രതികരണവും ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു. പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യുന്നതോടെ 240 ല്‍ അധികം രാജ്യങ്ങളിലുള്ള സിനിമ പ്രേമികള്‍ക്ക് വാരിസ് കാണാനാകും എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്' - വിജയ് പ്രസ്‌താവനയില്‍ പറഞ്ഞു.
വാരിസ് സമ്പൂര്‍ണ ഫാമിലി എന്‍റര്‍ടെയ്‌നര്‍: എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ആക്ഷൻ, കോമഡി, ഡ്രാമ, റൊമാൻസ് എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ ഫാമിലി എന്‍റർടെയ്‌നറാണ് വാരിസ് എന്ന് സംവിധായകൻ വംശി പൈഡിപ്പള്ളി പറഞ്ഞു. 'ആക്ഷൻ, കോമഡി, ഡ്രാമ, റൊമാന്‍സ് എന്നിവ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് വാരിസില്‍. അതിലുപരി ചിത്രം ഒരു സമ്പൂര്‍ണ ഫാമിലി എന്‍റര്‍ടെയ്‌നറാണ്. ഏത് പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്കും വാരിസ് മികച്ച അനുഭവമായിരിക്കും. നല്ല ഒരു കഥയെ മികച്ച ഒരു സിനിമ ആക്കുന്നത് താരങ്ങളുടെ മികച്ച പ്രകടനവും ആകർഷകമായ സംഗീതവുമാണ്. തീർച്ചയായും ഇവയെല്ലാമാണ് കണ്ടിരിക്കേണ്ട ഒരു ചിത്രമായി വാരിസിനെ മാറ്റുന്നത്' - വംശി പൈഡിപ്പള്ളി പറഞ്ഞു.
അതിവിജയകരമായി തിയേറ്ററില്‍ ഓടിയ വാരിസ്, ഫെബ്രുവരി 22ന് പ്രൈം വീഡിയോയിൽ റിലീസാകുന്നതോടെ കൂടുതൽ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന് നിർമാതാവ് പ്രസ്‌താവനയിൽ പറഞ്ഞു.
വിജയ് രാജേന്ദ്രനായി ദളപതി വിജയ് :കോടികളുടെ ആസ്‌തിയുള്ള അച്ഛന്‍റെ ബിസിനസ് സാമ്രാജ്യത്തിന് അനന്തരാവകാശിയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന യുവാവിന്‍റെ കഥയാണ് വാരിസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പറയുന്നത്. വിജയ് രാജേന്ദ്രനായാണ് ദളപതി വിജയ് എത്തുന്നത്. ശരത് കുമാര്‍ ആണ് വിജയ്‌യുടെ അച്ഛന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്‌മിക മന്ദാനയാണ് നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വേഷമിടുന്നുണ്ട്. വിജയ്‌ക്കൊപ്പം സൂര്യ എത്തുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും വാരിസിനുണ്ട്. പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ, സംഗീത കൃഷ്, സംയുക്ത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സ് കയ്യടക്കി വാരിസിലെ പാട്ടുകള്‍ : വാരിസിലെ രഞ്ജിതമേ, ജിമിക്കി പൊണ്ണ്, വാ തലൈവാ, തീ ദളപതി തുടങ്ങിയ ഗാനങ്ങള്‍ നേരത്തെ തന്നെ ഹിറ്റായിരുന്നു. രഞ്ജിതമേ, ജിമിക്കി പൊണ്ണ് എന്നിവ ഇന്‍സ്റ്റഗ്രാം റീല്‍സിലും തരംഗമാണ്. എസ് തമന്‍ ആണ് സംഗീത സംവിധാനം. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജു, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് വാരിസിന്‍റെ ഛായാഗ്രഹണം. ജനുവരി 11 ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.