ശ്രീനഗര്‍:കശ്‌മീരില്‍ ഭീകരര്‍ ആക്രമണങ്ങള്‍ക്കായി പള്ളികളെ ദുരുപയോഗിക്കുന്നുവെന്ന് കശ്‌മീര്‍ ഐജി വിജയ് കുമാര്‍. പാംമ്പോര്‍, സോപോര്‍, ഷോപിയാന്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പള്ളികളെ ദുരുപയോഗിക്കുകയായിരുന്നുവെന്ന് വിജയ് കുമാര്‍ പറഞ്ഞു.
പാംമ്പോറില്‍ 2020 ജൂണിലും, സോപോറില്‍ 2020 ജൂലായി 1നും, ഷോപിയാനില്‍ ഈ വര്‍ഷം ഏപ്രില്‍ 9ന് ഷോപിയാനിലും നടന്ന ഭീകരാക്രമണങ്ങളില്‍ പള്ളികളെ ഉപയോഗിച്ചായിരുന്നു ഭീകരരുടെ നീക്കങ്ങളുണ്ടായതെന്ന് ഐജി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 9ന് ഷോപിയാനില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. അന്ന് പള്ളിയില്‍ ഒളിച്ചായിരുന്നു ഭീകരരുടെ ആക്രമണം. പാംമ്പോറില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ പള്ളിയിലാണ് അഭയം തേടിയത്. 2020 ജൂലായ് 1ന് സോപോറിലെ പള്ളിയില്‍ നിന്ന് ഭീകരര്‍ സിആര്‍പിഎഫിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ ഒരു സൈനികനും, ഒരു സാധാരണക്കാരനും മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
കൂടുതല്‍ വായനയ്‌ക്ക്: സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു