ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാര ജില്ലയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ സൈന്യം പരാജയപ്പെടുത്തിയത്. കുപ്‌വാരയിലെ മച്ഛില്‍ സെക്‌ടറില്‍ നടന്ന ഓപറേഷനില്‍ ഇതുവരെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി കശ്‌മീര്‍ അഡിഷണല്‍ ഡയറക്‌ടര്‍ ഡനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ അറിയിച്ചു.
ഇന്ത്യൻ ആർമിയും ജമ്മു കശ്‌മീർ പൊലീസും ഇന്റലിജൻസ് ഏജൻസികളും ചേർന്ന് ഒക്‌ടോബർ 26 ന് ആരംഭിച്ച സംയുക്ത ഓപ്പറേഷനിൽ കുപ്‌വാര സെക്‌ടറിലെ നിയന്ത്രണ രേഖയിലുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സിന്റെ വക്താവും വ്യക്തമാക്കി.
ഭീകരരെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ഇത് വ്യക്തമാക്കി കൊണ്ട് "കുപ്‌വാര പൊലീസ് നൽകിയ പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മച്ഛിൽ സെക്‌ടറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. അതിൽ ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പിറകില്‍" എന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.
പിന്നാലെ എത്തിയ മറ്റൊരു എക്‌സ് പോസ്‌റ്റില്‍ മൂന്ന് ഭീകരരെ കൂടി കൊലപ്പെടുത്തിയതായി കശ്‌മീര്‍ പൊലീസ് എഡിജിപിയെ ഉദ്ദരിച്ച് പൊലീസ് വക്താവും അറിയിച്ചു. ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ മൂന്ന് ഭീകരര്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു (ആകെ അഞ്ചുപേര്‍). കൊല്ലപ്പെട്ടവര്‍ ആരാണെന്ന് അറിവായിട്ടില്ല. പരിശോധനകള്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിറകെയെത്തും എന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.