ശ്രീനഗര്‍: ജമ്മു കശ്‌മിരില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യവും (Indian Army) ജമ്മു കശ്‌മിർ പൊലീസും (jammu and kashmir police ). പൂഞ്ച് സെക്ടറിലെ (Poonch Sector) ബഹാദൂറിൽ ഇന്ന് (ജൂലൈ 17 ) പുലര്‍ച്ചെയാണ് നുഴഞ്ഞ് കയറ്റ ശ്രമം ഉണ്ടായത്. രണ്ട് ഭീകരരെ വധിച്ചിട്ടുണ്ട്.
സൈന്യവും ജമ്മു കശ്‌മിർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ച് അറിഞ്ഞിട്ടില്ലെന്ന് സൈന്യത്തിന്‍റെ വക്‌താവ് അറിയിച്ചു. ഇവരില്‍ നിന്നുംവൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തതായും വക്താവ് വ്യക്തമാക്കി.
നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ തീവ്രവാദികൾ പദ്ധതിയിടുന്നതായി വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ ഒരു തീവ്രവാദിയെ വധിച്ച് വലിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതായിന് ആറ് ദിവസത്തിന് ശേഷമാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. ജൂലൈ 10-ന് സ്വന്തം ഭാഗത്തേക്ക് സംശയാസ്പദമായി നീങ്ങുന്ന ഒരൂ കൂട്ടം ഭീകരരുടെ നീക്കം സൈന്യം നിരീക്ഷിച്ചിരുന്നു. നിയന്ത്രണ രേഖയുടെ 300 മീറ്ററോളം അടുത്ത് സ്വന്തം വശത്ത് എത്തിയ ഇവരുമായി വെടിവയ്‌പ്പുണ്ടാവുകയായിരുന്നു. ഒരാള്‍ വെടിയേറ്റ് വീണപ്പോള്‍ വെടിയേറ്റവരില്‍ രണ്ട് പേര്‍ കാട്ടിലേക്ക് മറഞ്ഞതായാണ് പ്രതിരോധ വക്താവ് അറിയിച്ചത്.
അതേസമയം ജൂണ്‍ അവസാന വാരത്തില്‍ പൂഞ്ചില്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഗുല്‍പൂര്‍ സെക്‌ടറിലെ ഫോര്‍വേഡ് റേഞ്ചര്‍ നല്ലാ മേഖലയിലാണ് തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയത്. രാത്രി മരങ്ങളുടെ മറവിലൂടെയായിരുന്നു തീവ്രവാദികള്‍ എത്തിയത്. നുഴഞ്ഞു കയറ്റ ശ്രമം സൈന്യത്തിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം തീവ്രവാദികള്‍ സമീപത്തെ വനത്തില്‍ ഒളിക്കുകയും ചെയ്‌തു.
ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹെര മേഖലയിൽ നിന്നും രണ്ട് തീവ്രവാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്‌തിരുന്നു. പിടിയിലായവരില്‍ നിന്നും സ്‌ഫോടക വസ്‌തുക്കളും പണവും കണ്ടെടുക്കുകയും ചെയ്‌തു. അർവാനി ബിജ്ബെഹറയിൽ താമസിക്കുന്ന അബ്രാർ ഉല്‍ ഹഖ് കറ്റൂ, അനന്ത്നാഗ് ജില്ലയിലെ ഷെട്ടിപോറ ബിജ്ബെഹറയിൽ താമസിക്കുന്ന തൗസീഫ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായതെന്ന് സുരക്ഷ സേന അറിയിച്ചിരുന്നു.
ജൂണ്‍ രണ്ടാം വാരത്തില്‍ കുപ്‌വാര ജില്ലയിലും ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് അഞ്ച് വിദേശ തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ജുംഗുണ്ട് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്‌മീർ സോൺ പൊലീസിന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. നേരത്തെ, ജൂണ്‍ തുടക്കത്തില്‍ രജൗരിയിലെ വനമേഖലയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള തെരച്ചിലിനൊടുവിലായിരുന്നു സൈന്യത്തിന്‍റെ നടപടി.