ഗാസിയാബാദ് (ഉത്തര്‍പ്രദേശ്) :2006ല്‍ നടന്ന വാരണാസി സ്‌ഫോടന കേസുകളിലെ മുഖ്യപ്രതിയും സൂത്രധാരനുമായ വലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.
വാരണാസി സ്‌ഫോടന കേസ് : മുഖ്യസൂത്രധാരന്‍ വലിയുള്ള ഖാന് വധശിക്ഷ - വാരണാസി സ്‌ഫോടന കേസ്
ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി
2006 മാര്‍ച്ച് 7ന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒരു കേസില്‍ വലിയുള്ളയെ വെറുതെവിട്ടു. 2006 മാര്‍ച്ച് ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്.
15 മിനിറ്റിനുശേഷം, വാരണാസി കന്റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും സ്ഫോടനമുണ്ടായി. വലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്‍റെ സൂത്രധാരനായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജില്ല സെഷന്‍സ് കോടതി ജഡ്‌ജി ജിതേന്ദ്ര കുമാര്‍ സിന്‍ഹയാണ് കേസില്‍ വിധി പറഞ്ഞത്.