ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നാഗ്രോട്ട പട്ടണത്തിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പിൽ ജയ്ഷ് ഇ മുഹമ്മദിന്‍റെ നാല് തീവ്രവാദികളെ സുരക്ഷ സേന വെടിവച്ചു കൊന്നിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ നാഗ്രോട്ടയിലെ ബാൻ ഏരിയയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലർച്ചെ 4.50ഓടെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.
നാഗ്രോട്ട ഏറ്റുമുട്ടല്‍; പിന്നില്‍ തീവ്രവാദി മസൂദ് അസറിന്‍റെ സഹോദരൻ - തീവ്രവാദി
ജമ്മു-ശ്രീനഗർ ദേശീയപാതയിലെ നാഗ്രോട്ടയിലെ ബാൻ ഏരിയയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലർച്ചെ 4.50 ഓടെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.

സാംബ സെക്ടറിൽ നിന്ന് നാഗ്രോട്ട ടോൾ പ്ലാസയിലേക്കുള്ള തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ മസൂദ് അസറിന്‍റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗറാണ് ഈ ആക്രമണത്തിനും നേതൃത്വം നല്‍കിയത്. പ്രാഥമിക ആസൂത്രണം നടത്തിയ ശേഷം തീവ്രവാദികളെ തെരഞ്ഞെടുത്തതും പരിശീലനം നൽകിയതും ഉൾപ്പെടെയുള്ള അന്തിമ തയ്യാറെടുപ്പുകൾ നടത്താൻ ഒരു യൂണിറ്റിനെ ചുമതലപ്പെടുത്തിയതും ഇയാള്‍ തന്നെയാണ്.
ഏറ്റുമുട്ടലിന് ശേഷം ഭീകരരില്‍ നിന്നും കണ്ടെടുത്ത ഫോണ്‍, ജിപിഎസ്, വയർലെസ് സെറ്റ് , മരുന്നുകള്‍ എന്നിവയില്‍ നിന്നും പാക് ബന്ധം വ്യക്തമായിട്ടുണ്ട്. നഗ്രോട്ടയിൽ ഏറ്റുമുട്ടലിന് മുന്‍പ് രക്ഷപ്പെട്ട, ഭീകരർ സഞ്ചരിച്ചിരുന്ന ട്രക്കിന്‍റെ ഡ്രൈവർക്കായി തെരച്ചില്‍ തുടരുകയാണ്. ഇയാളെ കുറിച്ചുള്ള പൂർണ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് എന്‍.ഐ.എ പരിശോധന നടത്തി തെളിവുകളും വിവരങ്ങളും ശേഖരിച്ചിരുന്നു.