ന്യൂഡൽഹി: ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയിൽ നടത്തിയ പ്രഭാഷണത്തിലാണ് പരാമർശം. ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഭീകരവാദത്തെ നേരിടുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരതിനെക്കുറിച്ചും മോദി ഉച്ചകോടിയിൽ സംസാരിച്ചു.
തീവ്രവാദം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് പ്രധാനമന്ത്രി - PM Modi at BRICS Summit
ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെക്കൊണ്ട് ഉത്തരം പറയിക്കണമെന്നും ഭീകരവാദത്തെ നേരിടുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് സാഹചര്യത്തിൽ മരുന്ന് ഉൽപാദനത്തിൽ വലിയ സംഭാവന നൽകാൻ ഇന്ത്യക്ക് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഇന്ത്യ 150ലധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകിയെന്നും വാക്‌സിൻ ഉല്‌പാദനത്തിലും വിതരണത്തിലും ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ ഇന്ത്യക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. ഐ.എം.എഫ്, ഡബ്ല്യൂ.എച്ച്.ഒ, ഡബ്ല്യൂ.ടി.ഒ എന്നിവയിൽ നവീകരണം ആവശ്യമാണെന്നും കാലത്തിനൊത്ത് മാറാൻ ഇവക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും നരേന്ദ്ര മോദി പറഞ്ഞു.
2021-ൽ ബ്രിക്‌സ് 15 വർഷം പൂർത്തിയാക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ബ്രിക്‌സ് എടുത്ത വിവിധ തീരുമാനങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു റിപ്പോർട്ട് ഇതോടനുബന്ധിച്ച് തയാറാക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷ സാഹചര്യത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ ഇരു രാജ്യതലവൻമാരും ഒരുമിച്ച് പങ്കെടുക്കുന്നത്. നേരത്തെ ഷാങ്ഹായ് സഹകരണ സംഘടനയുടെ വെർച്വൽ ഉച്ചകോടിയിൽ മോദിയും ഷി ജൻ പിങ്ങും പങ്കെടുത്തിരുന്നു.