മുംബൈ :നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇ മെയില്‍ സന്ദേശം. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മാതൃകയില്‍ ആയിരിക്കും ഇതെന്നാണ് ഇമെയിലിലെ പരാമര്‍ശം. താലിബാന്‍ അംഗമാണ് താന്‍ എന്നാണ് ഇമെയില്‍ അയച്ച ആള്‍ പറഞ്ഞിരിക്കുന്നത്.
ഭീഷണി ഇ മെയില്‍ സംബന്ധിച്ച വിവരം എന്‍ഐഎ മഹാരാഷ്‌ട്ര പൊലീസിന് കൈമാറിയിട്ടുണ്ട്. മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. താലിബാന്‍ നേതാവ് ഹഖാനിയുടെ നിര്‍ദേശപ്രകാരമാണ് ഇമെയില്‍ അയക്കുന്നതെന്നും പരാമര്‍ശമുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലും, 26/11ലെ മാതൃകയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നീട് ഹാജി അലി ദര്‍ഗയിലും ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം മുംബൈ പൊലീസിന് ലഭിച്ചു. എന്നാല്‍ ഈ ഫോണ്‍കോളുകള്‍ നടത്തിയത് മാനസിക ആസ്വാസ്‌ഥ്യമുള്ളയാളാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
എന്‍ഐഎയ്‌ക്ക് ലഭിച്ച ഭീഷണി സന്ദേശവും വ്യാജമാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് പൊലീസ്. ഏതായാലും സംശയകരമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് മുംബൈ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.