ചണ്ഡിഗഡ് : പഞ്ചാബിൽ ക്രമസമാധാന നില തകർന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാനിർദേശവുമായി രഹസ്യാന്വേഷണ ഏജൻസികൾ. പാകിസ്ഥാൻ ഭീകര സംഘടനകൾ പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകളുടെ നേര്‍ക്ക് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് ഏജൻസികളുടെ മുന്നറിയിപ്പ്. നേരത്തെ പഞ്ചാബിലെ ഒരു സ്റ്റേഷന്‍ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകൾ രണ്ട് ആർപിജി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
പഞ്ചാബിൽ വീണ്ടും ഭീകരാക്രമണ ഭീഷണി ; പൊലീസ് സ്‌റ്റേഷനുകള്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് - പൊലീസ് സ്‌റ്റേഷൻ ലക്ഷ്യമിട്ട് ഭീകരാക്രമണം
പഞ്ചാബിൽ അടുത്തിടെ നടന്ന രണ്ട് ആർപിജി ആക്രമണങ്ങൾക്ക് പിന്നാലെ ഭീകരര്‍ വീണ്ടും പൊലീസ് സ്‌റ്റേഷനുകളും പ്രധാന സ്ഥലങ്ങളും ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്
ഈ കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായും അല്ലാതെയും ഭീഷണി നേരിടുന്നതായി ലുധിയാന റേഞ്ച് ഐജി ഡോ. കൗസ്‌തുഭ് ശർമ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധരെ കണ്ടാൽ വിവരം നൽകാന്‍ പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം തൺ തരണിലെ പൊലീസ് സ്റ്റേഷനിൽ നടന്ന ആക്രമണത്തിന് ശേഷം കസ്‌റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലോഡ് ചെയ്‌ത ആർപിജി പൊലീസ് നിർവീര്യമാക്കിയിരുന്നു. ഇതിന് ശേഷം ഇതേ പൊലീസ് സ്‌റ്റേഷനിൽ രണ്ടാമതും ആക്രമണം നടന്നു. ഇതോടെ പഞ്ചാബ് പൊലീസിന്‍റെ സുരക്ഷാസംവിധാനങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടയിലാണ് അടുത്ത ഭീഷണി.