ബെംഗളൂരു:കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്താൻ രണ്ട് മണിക്കൂർ വൈകിയതിനെ തുടർന്ന് ആദരിക്കൽ ചടങ്ങിൽ നിന്ന് പിന്മാറി സ്വീഡിഷ് ടെന്നിസ് ഇതിഹാസം ബോൺ ബോർഗ്. ബോർഗിനെയും മുൻ ഇന്ത്യൻ ടെന്നിസ് താരം വിജയ് അമൃത്‌രാജിനെയും ആദരിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ലോൺ ടെന്നിസ് അസോസിയേഷൻ (കെഎസ്‌എൽടിഎ) സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് ബോൺ ബോർഗ് പിന്മാറിയത്.
ബോർഗിനെയും വിജയ് അമൃത്‌രാജിനെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാവിലെ 9.30ന് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി എത്താൻ വൈകുമെന്നതിനാൽ പിന്നീട് പരിപാടി 10.15 ന് നടത്താൻ തീരുമാനിച്ചു. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ബസവരാജ് ബൊമ്മൈ എത്താത്തതിനെത്തുടർന്ന് അവാർഡ് നിരസിച്ചുകൊണ്ട് ബോൺ ബോർഗ് വേദി വിട്ട് പോകുകയായിരുന്നു.
ബെംഗളൂരുവിൽ നടക്കുന്ന ഒരു ടൂർണമെന്‍റിൽ ബോൺ ബോർഗിന്‍റെ മകൻ പങ്കെടുക്കുന്നുണ്ടായിരുന്നു. 11 മണിക്ക് ആരംഭിക്കുന്ന മത്സരം വീക്ഷിക്കുന്നതിനായാണ് ബോർഗ് വേദി വിട്ടത്. പിന്നാലെ 11.15ഓടെ മുഖ്യമന്ത്രി സ്ഥലത്തെത്തിയെങ്കിലും വിശിഷ്‌ടാതിഥി ഇല്ലാത്തതിനാൽ പരിപാടി മാറ്റി വയ്‌ക്കുകയായിരുന്നു. തുടർന്ന് ബോർഗിന്‍റെ മകന്‍റെ മത്സരം അൽപനേരം വീക്ഷിച്ച ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവിടെ നിന്ന് മടങ്ങിയത്.
അതേസമയം പെട്ടന്നുണ്ടായ ചില പ്രതിബദ്ധതകൾ മൂലമാണ് മുഖ്യമന്ത്രി പരിപാടിക്കെത്താൻ വൈകിയതെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബോർഗ് തന്‍റെ മകന്‍റെ മത്സരം കാണുന്നതിനായി പോകുമെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി സംഘാടക സമിതി പറഞ്ഞു. എന്നാൽ സാഹചര്യം മനസിലാക്കിയ മുഖ്യമന്ത്രി സ്‌പോട്ടീവായാണ് പെരുമാറിയതെന്നും കോർട്ടിലെത്തി മത്സരം കാണാൻ തയ്യാറാവുകയായിരുന്നുവെന്നും സംഘാടക സമിതി അറിയിച്ചു.
ബോൺ ബോർഗ് മടങ്ങിയെങ്കിലും വിജയ് അമൃത്‌രാജിനെ ചടങ്ങിൽ ആദരിക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ വിജയ് അമൃത്‌രാജിന്‍റെ നിർബന്ധത്തെ തുടർന്നാണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചതെന്നും കെഎസ്എൽടിഎ ജോയിന്‍റ് സെക്രട്ടറി സുനിൽ യജമാൻ പറഞ്ഞു. അതേസമയം റദ്ദാക്കിയ പരിപാടി രണ്ട് ദിവസത്തിനുള്ളിൽ നടത്തുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
മത്സരത്തിൽ ബോൺ ബോർഗിന്‍റെ മകൻ ലിയോ ബോർഗ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെട്ടു. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു 19കാരന്‍റെ തോൽവി. മത്സര ശേഷം അമൃത്‌രാജ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ബോൺ ബോർഗ് പങ്കെടുത്തിരുന്നു. വിരുന്നിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കെഎസ്‌എൽടിഎയുടെ ഹാൾ ഓഫ് ഫെയിമിൽ തന്‍റെ ഫോട്ടോയിൽ കയ്യൊപ്പും ചാർത്തി.
ലോകത്തെ ടെന്നിസ് ഇതിഹാസങ്ങളുടെ പട്ടികയിൽ എന്നും മുൻപന്തിയിലുള്ള താരമാണ് മുൻ ലോക ഒന്നാം നമ്പർ താരമായ ബോൺ ബോർഗ്. 1974 നും 1981 നും ഇടയിൽ ഓപ്പൺ എറയിൽ 11 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ ആദ്യ പുരുഷ കളിക്കാരനായി അദ്ദേഹം ചരിത്രം സൃഷ്‌ടിച്ചിരുന്നു. ഫ്രഞ്ച് ഓപ്പണിൽ ആറ് കിരീടങ്ങളും വിംബിൾഡണിൽ തുടർച്ചയായി അഞ്ച് കിരീടങ്ങളും ബോർഗ് എന്ന ഇതിഹാസം സ്വന്തമാക്കിയിട്ടുണ്ട്.