തെങ്കാശി :വിവാഹേതരബന്ധം മറച്ചുവയ്‌ക്കാൻ കാമുകനിലുണ്ടായ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ്. സംഭവത്തിൽ തമിഴ്‌നാട് നൊച്ചിക്കുളം സ്വദേശി മുത്തുമാരി, കാമുകനായ വല്ലരാമപുരം സ്വദേശി ശശികുമാർ എന്നിവർ അറസ്റ്റിൽ. തങ്ങളുടെ ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരിലുമുണ്ടായ രണ്ട് കുഞ്ഞുങ്ങളെയാണ് ജനിച്ച് ദിവസങ്ങൾക്കകം പ്രതികൾ കൊലപ്പെടുത്തിയത്.
അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :പൊലീസ് നൽകുന്ന വിവരമനുസരിച്ച്, മുത്തുമാരിയും ഭർത്താവ് മാടസാമിയും കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇരുവർക്കും ഒരു മകളും മകനുമുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ഈ രണ്ടുമക്കളുമായി മുത്തുമാരി നൊച്ചിക്കുളത്താണ് താമസിച്ചിരുന്നത്.
ഈ കാലയളവിൽ മുത്തുമാരിക്ക് ശശികുമാറുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അങ്ങനെയിരിക്കെ 2018ൽ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചു. തങ്ങളുടെ ബന്ധം പുറത്തറിയുമോ എന്ന ഭയത്താൽ ഇരുവരും അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു.
രണ്ട് വർഷങ്ങളിലായി രണ്ട് കൊലപാതകം :തുടർന്ന് അവിടെ നിന്നും മറ്റൊരിടത്തേക്ക് താമസം മാറിയ പ്രതികൾക്ക് 2019ൽ വീണ്ടും മറ്റൊരു കുഞ്ഞ് ജനിച്ചു. ഈ കുഞ്ഞിനെയും കൊലപ്പെടുത്തിയശേഷം മുത്തുമാരി താമസിച്ചിരുന്ന വീടിന് സമീപം കുഴിച്ചിട്ടു. എന്നാൽ കഴിഞ്ഞയാഴ്‌ച ഇരുവരെയും നഗരത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.