ബെംഗളൂരു : സർക്കാർ നടത്തിപ്പിലുള്ള ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് പണം (Temple Renovation Fund) നൽകുന്നത് നിർത്തിവച്ചുകൊണ്ടുള്ള സർക്കുലർ പിൻവലിച്ച് കർണാടക സർക്കാർ (karnataka government). പ്രതിപക്ഷത്തിന്‍റേതുള്‍പ്പടെ വിവിധ കോണുകളിൽ നിന്ന് വിമർശനം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ നീക്കം. സർക്കുലർ പുറപ്പെടുവിച്ച തീരുമാനത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ തടയാൻ സർക്കാർ ഉദേശിച്ചിരുന്നില്ലെന്നും കർണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി (Ramalinga Reddy ) പറഞ്ഞു.
സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും കമ്മിഷണറോടും ആവശ്യപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു. ഇത് പ്രകാരം വെള്ളിയാഴ്‌ചയാണ് കമ്മിഷണർ സർക്കുലർ പിൻവലിച്ചത്. ഓഗസ്‌റ്റ് 14 നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ (State-run temples) അറ്റകുറ്റ പണികൾക്കും വികസന പ്രവർത്തനങ്ങൾക്കും (repair and development works) ധനസഹായം നൽകുന്നത് നിർത്തിവയ്‌ക്കാൻ എല്ലാ ജില്ല ഭരണകൂടങ്ങൾക്കും വകുപ്പ് കമ്മിഷണർ നിർദേശം നൽകിയത്.
എന്നാൽ നിലവിൽ ഭരണാനുമതി ഇല്ലാത്ത നിർദേശങ്ങൾ അംഗീകരിക്കരുതെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും കമ്മിഷണറുമായും നടത്തിയ ചർച്ചയിൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ക്ഷേത്രങ്ങൾക്കായി പുറപ്പെടുവിച്ച ഉത്തരവുകളെ കുറിച്ചും വികസനത്തിനായി 50 ശതമാനം ഫണ്ട് നൽകിയതും ഈ വർഷം ലഭ്യമാക്കുന്ന ക്ഷേത്രങ്ങളെ കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്‌റ്റ് 30 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.